ബി.ജെ.പിയിൽ പോകുമെന്ന് പ്രചാരണം; ഇ.പി ജയരാജന്റെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്
കെ. സുധാകരൻ, ശോഭാ സുരേന്ദ്രൻ, ടി.ജി നന്ദകുമാർ എന്നിവർക്കെതിരെ ആയിരുന്നു ജയരാജന്റെ പരാതി.
തിരുവനന്തപുരം: ബി.ജെ.പിയിൽ പോകുമെന്ന് പ്രചാരണം നടത്തിയതിനെതിരെ ഇ.പി ജയരാജൻ നൽകിയ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. നേരിട്ട് കേസെടുക്കാനുള്ള മൊഴിയോ സാഹചര്യത്തെളിവോ ഇല്ല. കോടതി നിർദേശപ്രകാരമാണെങ്കിൽ കേസെടുക്കാം. രാഷ്ട്രീയ ഗൂഢാലോചന അന്വേഷിക്കാൻ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കി.
കെ. സുധാകരൻ, ശോഭാ സുരേന്ദ്രൻ, ടി.ജി നന്ദകുമാർ എന്നിവർക്കെതിരെ ആയിരുന്നു ജയരാജന്റെ പരാതി. ഡി.ജി.പിക്ക് നൽകിയ പരാതി കഴക്കൂട്ടം അസി. കമ്മീഷണറാണ് അന്വേഷിച്ചത്. ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നും ബി.ജെ.പിയിൽ ചേരാൻ സന്നദ്ധത അറിയിച്ചെന്നുമായിരുന്നു ശോഭാ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറും വെളിപ്പെടുത്തിയത്.
എന്നാൽ ഇത് സംബന്ധിച്ച് തനിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് ഇ.പി ജയരാജൻ പറഞ്ഞു. പരാതിക്കാരനായ തനിക്ക് ഡി.ജി.പിയുടെ ഭാഗത്തുനിന്ന് മറുപടി കിട്ടുമ്പോൾ തുടർനടപടി സ്വീകരിക്കും. തന്റെ പരാതിയിൽ ആരോപണവിധേയരായ മൂന്നുപേർക്കുമെതിരെ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.