മാധ്യമപ്രവര്‍‌ത്തകയുടെ പരാതി: ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യംചെയ്തേക്കും

മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്

Update: 2022-09-26 01:40 GMT
Advertising

ഓണ്‍ലൈന്‍ മാധ്യമപ്രവര്‍‌ത്തക നല്‍കിയ പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് ഇന്ന് ചോദ്യംചെയ്തേക്കും. ചോദ്യംചെയ്യലിനായി കൊച്ചി മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്.

പരാതിക്കാരിയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. സിനിമാ പ്രമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് പരാതി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അഭിമുഖത്തിന്റെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് വിശദമായി പരിശോധിക്കും.

അതിനിടെ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ക്ഷമാപണം. പ്രമോഷന്റെ ഭാഗമായി ഒരു ദിവസം 25 ഇന്റർവ്യൂ വരെ നല്‍കേണ്ടിയിരുന്നു. മാനസിക സമ്മർദം മൂലം സംഭവിച്ചുപോയതാണ്. മനപ്പൂർവം ആരെയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ശ്രീനാഥ് ഭാസിയുടെ വിശദീകരണം.

"ചട്ടമ്പി എന്റെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടൊരു സിനിമയാണ്. ആദ്യമായാണ് ഇത്രയും വലിയൊരു റോൾ ലഭിക്കുന്നത്. അതിനാൽ തന്നെ പ്രമോഷൻ പരിപാടികൾ ഒന്നുപോലും ഒഴിവാക്കാതെ എല്ലായിടങ്ങളിലും നേരിട്ട് പങ്കെടുക്കുകയായിരുന്നു. ഉറക്കക്കുറവ് മൂലം നല്ല മാനസിക സമ്മർദം ഉണ്ടായിരുന്നു. ഇതിനിടെ ഇന്റർവ്യൂവിൽ വന്നിരിക്കുമ്പോൾ ഭാസി ലേറ്റ് ആണല്ലോ, മെരുക്കാൻ ഞങ്ങൾ രണ്ടുപേരുണ്ട് തുടങ്ങിയ പരാമര്‍ശങ്ങള്‍ ദേഷ്യമാണുണ്ടാക്കിയത്. അങ്ങനെ പറ്റിപ്പോയതാണ്. തെറി ഒരിക്കലും പറയാൻ പാടില്ല. എന്റെ തെറ്റാണ്. ഇതൊക്കെ കേട്ട് തമാശയാണെന്ന് കരുതി ഞാൻ മിണ്ടാതിരിക്കണമായിരുന്നു".

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News