'പ്രധാനമന്ത്രി ശ്രമിച്ചത് കേരളത്തെ ഇകഴ്ത്താൻ': മോദിയുടെ 'യുവം' പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി
യുപിഎസ്‌സി വഴി നൽകിയതിനേക്കാൾ കൂടുതൽ തൊഴിൽ പിഎസ്‌സി വഴി കൊടുത്തെന്നും മുഖ്യമന്ത്രി
കോഴിക്കോട്: കൊച്ചിയിലെ രാഷ്ട്രീയ പരിപാടിയിൽ വസ്തുതകൾ അറിഞ്ഞിട്ടും കേരളത്തെ ഇകഴ്ത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുപിഎസ്‌സി വഴി നൽകിയതിനേക്കാൾ കൂടുതൽ തൊഴിൽ പിഎസ്‌സി വഴി കൊടുത്തെന്നും രാഷ്ട്രീയ പ്രചരണത്തിന്റെ പേരിലാണെങ്കിലും പറയുന്നത് വസ്തുതയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
"യുവാക്കൾക്ക് തൊഴിൽ നൽകാൻ പദ്ധതിയില്ല എന്ന് പ്രധാനമന്ത്രി പ്രസംഗിച്ചു. നേരത്തെയും ഇപ്പോഴുള്ളതുമായ തൊഴിലില്ലായ്മ നിരക്ക് പരിശോധിച്ചാണോ ഇത് പറഞ്ഞത്? രാഷ്ട്രീയ പ്രചരണത്തിന്റെ പേരിലാണെങ്കിലും പറയേണ്ടത് വസ്തുതയാകണ്ടേ.. യുപിഎസ് സി നൽകിയതിനേക്കാൾ കൂടുതൽ തൊഴിൽ പിഎസ് സി വഴി കൊടുത്തു. കേരളത്തെ കുറ്റം പറയുമ്പോൾ നിങ്ങൾ സ്വീകരിക്കുന്ന നിലപാട് ഓർക്കണ്ടേ. കേരളത്തോട് പ്രത്യേക പരിഗണന കാണിക്കും എന്നാണ് പറഞ്ഞത്. എന്നാൽ പ്രളയ കാലത്ത് തന്നെ ഭക്ഷ്യധാന്യത്തിന്റെ തുക തിരിച്ചു പിടിച്ചു. മറ്റു രാജ്യങ്ങളിൽ നിന്നുള്ള സഹായം വിലക്കി. പ്രളയ രക്ഷാപ്രവർത്തനത്തിന് വരെ ബില്ലയച്ചു. പ്രളയ കാലത്തുണ്ടായ നഷ്ടത്തിന്റെ നാലിൽ ഒന്നു പോലും നൽകിയില്ല. ഇതാണോ പ്രത്യേക പരിഗണന? വന്ദേഭാരത് കൊണ്ട് മറച്ചു വെക്കാവുന്നതാണോ കേരളത്തോടുള്ള വിവേചനം.
കേരളത്തിലെ സർക്കാർ പാർട്ടി താല്പര്യം അനുസരിച്ചു പ്രവർത്തിക്കുന്നു എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കേരളത്തിൽ മൂന്നര ലക്ഷം വീടുകൾ നൽകി ,231000 പട്ടയം നൽകി. ഇതൊക്കെ പാർട്ടി നോക്കിയാണോ.. ക്ഷേമപെൻഷൻ 63 ലക്ഷം പേർക്ക്, 3 ലക്ഷം കുടുംബത്തിന് ആരോഗ്യ ഇന്ഷുറൻസ്, പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ കൂടി.. ഇതൊക്കെ പാർട്ടി നോക്കിയാണോ? പ്രധാനമന്ത്രി വസ്തുതകൾ നിഷേധിച്ചു സംസരിക്കരുത്". മുഖ്യമന്ത്രി പറഞ്ഞു.