മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം; കൊച്ചി മണ്ഡലം യു.ഡി.എഫ് ചെയര്‍മാനെതിരെ പ്രതിഷേധം

വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്നും സംഭാഷണം എഡിറ്റ് ചെയ്തതാണെന്നുമാണ് അഗസ്റ്റസിന്റെ വാദം.

Update: 2021-06-24 09:18 GMT
Advertising

മുസ്‌ലിംകള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ യു.ഡി.എഫ് കൊച്ചി മണ്ഡലം ചെയര്‍മാന്‍ അഗസ്റ്റസ് സിറിളിനെതിരെ പ്രതിഷേധം. കൊച്ചിന്‍ കോളേജ് ഭരണസമിതിയിലേക്ക് മുസ്‌ലിംകളെ കയറ്റരുതെന്നായിരുന്നു പരാമര്‍ശം.

ഒന്നരവര്‍ഷം മുമ്പ് അഗസ്റ്റസ് സിറിള്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. കൊച്ചിന്‍ കോളേജ് ഭരണസമിതിയിലെ അംഗത്വ വിതരണവുമായി ബന്ധപ്പെട്ട കാര്യത്തിലാണ് യു.ഡി.എഫ് ചെയര്‍മാന്റെ പരാമര്‍ശം.

സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമുയര്‍ന്നു. അഗസ്റ്റസിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

വര്‍ഗീയ പരാമര്‍ശം നടത്തിയിട്ടില്ലെന്നും സംഭാഷണം എഡിറ്റ് ചെയ്തതാണെന്നുമാണ് അഗസ്റ്റസിന്റെ വാദം. എന്നാല്‍ അഗസ്റ്റസിനെ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന നിലപാടിലാണ് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം.

മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അഗസ്റ്റസിന് നോട്ടീസ് നല്‍കി. ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് എം.എല്‍.എയാണ് അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News