വികസനം ചർച്ചയാക്കാൻ കഴിഞ്ഞത് നേട്ടം; പുതുപ്പള്ളിയിലെ രാഷ്ട്രീയ സാഹചര്യം മാറിയെന്ന് സി.പി.എം വിലയിരുത്തൽ

ഇടതുമുന്നണിക്ക് വികസനം ചർച്ചയാക്കാൻ കഴിഞ്ഞു എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. വികസന ചർച്ചയോട് യു.ഡി.എഫ് മുഖം തിരിച്ചു നിൽക്കുന്നു എന്ന വിമർശനം വരും ദിവസങ്ങളിൽ സി.പി.എം കൂടുതൽ ശക്തമാക്കും.

Update: 2023-08-20 00:58 GMT
Advertising

കോട്ടയം: പുതുപ്പള്ളിയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിയെന്ന് സി.പി.എം വിലയിരുത്തൽ. സഹതാപതരംഗം നിലനിന്നിടത്ത് വികസനം ചർച്ചയാക്കാൻ കഴിഞ്ഞുവെന്നാണ് സി.പി.എം സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. ഈ മാസം 24ന് പുതുപ്പള്ളിയിലെത്തുന്ന മുഖ്യമന്ത്രിയും പിന്നാലെ എത്തുന്ന മന്ത്രിമാരും വികസന വിഷയങ്ങളിൽ ഊന്നിയായിരിക്കും സംസാരിക്കുക.

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന സമയത്ത് യു.ഡി.എഫ് വലിയ മേൽക്കൈ നേടിയിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ സ്ഥാനാർഥിയെ തീരുമാനിച്ച് ചാണ്ടി ഉമ്മൻ പ്രചാരണ രംഗത്തേക്ക് ഇറങ്ങി. മികച്ച രാഷ്ട്രീയ പോരാട്ടം കാഴ്ചവെക്കാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജെയ്ക്ക് സി തോമസിനെ സി.പി.എം സ്ഥാനാർഥിയാക്കിയത്. അത് പുതുപ്പള്ളിയിലെ എട്ടു പഞ്ചായത്തിലും ചലനം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. ഉമ്മൻ ചാണ്ടിയോടുള്ള സഹതാപ തരംഗംമായിരുന്നു ആദ്യഘട്ടത്തിൽ പ്രചാരണത്തിൽ ഉണ്ടായിരുന്നതെങ്കിൽ അതിൽ മാറ്റം വന്നുവെന്ന് സി.പി.എം കണക്ക് കൂട്ടുന്നു.

ഇടതുമുന്നണിക്ക് വികസനം ചർച്ചയാക്കാൻ കഴിഞ്ഞു എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തുന്നത്. വികസന ചർച്ചയോട് യു.ഡി.എഫ് മുഖം തിരിച്ചു നിൽക്കുന്നു എന്ന വിമർശനം വരും ദിവസങ്ങളിൽ സി.പി.എം കൂടുതൽ ശക്തമാക്കും. വ്യക്തിപരമായ ഏതെങ്കിലും തരത്തിലുള്ള പ്രചാരണ രീതിയിലേക്ക് പോകേണ്ടതില്ലെന്ന തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് നേരത്തെ എടുത്തതാണ്. അതിൽ മാറ്റം വരുത്തരുതെന്ന കർശനം നിർദേശം തെരഞ്ഞെടുപ്പ് ചുമതല ഉള്ളവർക്ക് പാർട്ടി നൽകിയിട്ടുണ്ട്. വികസനവുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മൻ നടത്തിയ ചില പരാമർശങ്ങൾ രാഷ്ട്രീയമായി ഗുണം ചെയ്യും എന്ന് കണക്കുകൂട്ടലും സി.പി.എമ്മിനുണ്ട്. തൃക്കാക്കരയിലേത് പോലെ വീട് വീടാന്തരം കേറിയുള്ള മന്ത്രിമാരുടെ പ്രചാരണവും ഇത്തവണ ഉണ്ടാകില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News