രാഹുലുമായി തർക്കമില്ല; പിതാവിന്റെ കല്ലറ ആർക്കും എപ്പോഴും സന്ദർശിക്കാം-ചാണ്ടി ഉമ്മൻ

'സരിന് തെറ്റുപറ്റി. പാർട്ടി ഒരു തീരുമാനമെടുത്താൽ അത് അനുസരിക്കണം. എന്നെ നേരത്തെ ഔട്ട്‌റീച്ച് ചുമതലയിൽനിന്നു മാറ്റിയിരുന്നു. അപ്പോഴും പാർട്ടിയാണ് വലുതെന്നാണ് ഞാൻ പറഞ്ഞത്.'

Update: 2024-10-17 11:43 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലുമായി ഒരു തർക്കവുമില്ലെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കഴിഞ്ഞ ദിവസം രാഹുലുമായി സംസാരിച്ചിരുന്നു. പിതാവിന്റെ കല്ലറ ആർക്കും എപ്പോഴും സന്ദർശിക്കാം. പാർട്ടി ഒരു തീരുമാനമെടുത്താൽ അത് അനുസരിക്കണമെന്നും സരിൻ തെറ്റുതിരുത്തണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.

പാലക്കാടും വയനാടും ഉറപ്പായ സീറ്റുകളാണ്. എന്റെ പാർട്ടിയുടെ സ്ഥാനാർഥി പുതുപ്പള്ളിയിൽ വരുമ്പോൾ ഞാൻ എങ്ങനെ ബഹിഷ്‌കരിക്കാനാണ്? രാഹുലുമായി ഒരു തർക്കവുമില്ല. രണ്ടു ദിവസം മുൻപ് രാഹുലുമായി സംസാരിച്ചിരുന്നു. ഇന്ന് കല്ലറയിൽ കാണാമെന്നു തീരുമാനിക്കുകയും ചെയ്തു. എന്നാൽ, ഷെഡ്യൂളിൽ മാറ്റം വന്നു. ഇന്നും നാളെയും ഡൽഹിയിൽ നിൽക്കേണ്ട സാഹചര്യമുണ്ടായി. പിന്നീട് കാണാമെന്ന് അറിയിച്ചിട്ടുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

മരിച്ചുപോയ പിതാവിനെ ഇനിയും ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പിതാവിന്റെ കല്ലറയെ ചൊല്ലിയുള്ള തർക്കം സഹിക്കാനാവുന്നില്ല. തുറന്നു കിടക്കുന്ന പള്ളിയും കല്ലറയുമാണ്. ആർക്കും എപ്പോഴും സന്ദർശിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സരിന് തെറ്റുപറ്റിയെന്നും ചാണ്ടി ചൂണ്ടിക്കാട്ടി. സരിൻ തെറ്റുതിരുത്തണം. പാർട്ടി ഒരു തീരുമാനം എടുത്തു കഴിഞ്ഞാൽ അത് അനുസരിക്കണം. എന്നെ നേരത്തെ ഔട്ട്‌റീച്ച് ചുമതലയിൽനിന്നു മാറ്റിയിരുന്നു. അപ്പോഴും പാർട്ടിയാണ് വലുതെന്നാണ് താൻ പറഞ്ഞതെന്നും തന്റെ നിലപാട് ഒരു തരത്തിലും ബാധിക്കില്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Summary: 'No issues with Rahul Mamkootathil; Anyone can always visit his father's grave': Chandy Oommen

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News