രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകും
പ്രകാശ് ജാവഡേക്കർ പേര് നിർദേശിച്ചതായി സൂചന


തിരുവനന്തപുരം: മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന് റിപ്പോർട്ട്. കേരളത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവഡേക്കർ രാജീവിൻ്റെ പേര് നിർദേശിച്ചതായാണ് വിവരം.
ബിജെപി സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായിട്ടുള്ള കോർ കമ്മിറ്റി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഉച്ചയ്ക്ക് രണ്ടു മണിമുതൽ മൂന്നുമണി വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം.
രാജീവ് ചന്ദ്രശേഖർ, നിലവിലെ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ, എം.ടി രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നുവന്നിരുന്നത്. വോട്ടെടുപ്പ് ഒഴിവാക്കാനായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. ഇതിൻ്റെ ഭാഗമായാണ് ഇപ്പോൾ രാജീവ് ചന്ദ്രശേഖരനെ തെരഞ്ഞെടുത്തതെന്നാണ് വിവരം. നാളെ നടക്കുന്ന സംസ്ഥാന കൗൺസിലിന് പിന്നാലെ 11 മണിക്ക് സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിക്കും.