രാജ്യസഭാ സീറ്റ്: സ്ഥാനാർഥി പട്ടിക കെപിസിസി ഹൈക്കമാൻഡിന് കൈമാറി, പ്രഖ്യാപനം നാളെ
എം ലിജു, ജെയ്‌സൺ ജോസഫ് എന്നിവരുടെ പേരുകൾ സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം. ജെബി മേത്തറും പട്ടികയിലുണ്ടെന്ന് സൂചനയുണ്ട്
രാജ്യസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പട്ടിക കെപിസിസി ഹൈക്കമാൻഡിന് കൈമാറി. പാനലാണ് കെപിസിസി സമർപ്പിച്ചിരിക്കുന്നത്. സ്ഥാനാർഥി പ്രഖ്യാപനം നാളെ നടക്കും. എം ലിജു, ജെയ്‌സൺ ജോസഫ് എന്നിവരുടെ പേരുകൾ സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം. ജെബി മേത്തറും പട്ടികയിലുണ്ടെന്ന് സൂചനയുണ്ട്. കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിക്കാൻ തിരക്കിട്ട നീക്കങ്ങളാണ് നടന്നിരുന്നത്. ഡൽഹിയിൽ നിന്ന് തിരികെ എത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മുതിർന്ന നേതാക്കളുമായി ആശയ വിനിമയം നടത്തിയിരുന്നു.
പേരുകൾ പലതും ഉയർന്നെങ്കിലും ധാരണ മാത്രം ഇനിയും രൂപം കൊണ്ടിട്ടില്ലായിരുന്നു. എം ലിജുവിനായി കെ സുധാകരൻ തന്നെ രംഗത്ത് വന്നത് മറ്റ് നേതാക്കൾക്ക് അലോസരമുണ്ടാക്കിയിരുന്നു. ഇതോടെ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് തോറ്റവരെ സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന വാദവുമായി കെ സി പക്ഷം നേതാക്കൾ എത്തി. ലിജുവിനൊപ്പം ആദ്യ ഘട്ടത്തിൽ പരിഗണിക്കപ്പെട്ട സതീശൻ പാച്ചേനിക്കും ഷാനിമോൾ ഉസ്മാനും തിരഞ്ഞെടുപ്പ് തോൽവികൾ തിരിച്ചടിയാണ്. ജോൺസൺ എബ്രഹാമിന്റെ പേര് കെ സി വിഭാഗം മുന്നോട്ട് വെച്ചു. ജെയ്‌സൺ ജോസഫ്, സോണി സെബാസ്റ്റൻ എന്നിവരെ പരിഗണിക്കണമെന്നായിരുന്നു എ ഗ്രൂപ്പിന്റെ ആവശ്യം.
ന്യൂനപക്ഷ പ്രാതിനിധ്യമെന്ന വാദവുമായി എംഎ ഹസനും നീക്കങ്ങൾ നടത്തിയെങ്കിലും അവസാനവട്ട പരിഗണനയിൽ ഇടം പിടിച്ചിട്ടില്ല. പ്രിയങ്ക ഗാന്ധിയുടേയും റോബർട്ട് വന്ദ്രയുടേയും അടുപ്പക്കാരനായി അറിയപ്പെടുന്ന ശ്രീനിവാസ കൃഷ്ണയുടെ പേര് ചർച്ചകളിൽ ഉയർന്നെങ്കിലും കേരള നേതൃത്വത്തിന് താൽപര്യമില്ല. കേരളത്തിൽ നിന്ന് തന്നെ ഒറ്റപ്പേരിലേക്ക് എത്തുന്നതിലാണ് താൽപര്യമെന്ന് സോണിയാ ഗാന്ധി അറിയിച്ചുവെന്ന സൂചനകളുമുണ്ടായിരുന്നു.
അതേസമയം, രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികളായ എ.എ. റഹീമും പി. സന്തോഷ് കുമാറും നാമനിർദേശ പത്രിക സമർപ്പിച്ചു. നിയമസഭാ സെക്രട്ടറിക്കു മുമ്പാകെയാണ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്.
എഎ റഹീം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻറാണ്. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം തുടങ്ങിയ പദവികൾ റഹീം വഹിച്ചിട്ടുണ്ട്. 2011ൽ വർക്കലയിൽ നിന്ന് കഹാറിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.പി എ മുഹമ്മദ് റിയാസ് മന്ത്രിയായതോടെ റഹീം ഡിവൈഎഫ്ഐ ദേശീയ പ്രസിഡൻറായത്.
Rajya Sabha seat: KPCC has been handed over The list of candidates to the High Command