രാമനാട്ടുകര സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കിയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ തെളിവെന്ന് കസ്റ്റംസ്

സ്വർണക്കവർച്ചാ കേസിൽ അർജുൻ ആയങ്കിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി പൊലിസും അപേക്ഷ നൽകും

Update: 2021-07-19 06:50 GMT
Advertising

രാമനാട്ടുകര സ്വർണക്കടത്ത് കേസില്‍ അർജുൻ ആയങ്കിയുടെ പങ്കാളിത്തം സംബന്ധിച്ച് കൂടുതൽ തെളിവുണ്ടെന്ന് കസ്റ്റംസ്. അർജുന്‍റെ ഭാര്യ അമലയും സുഹൃത്ത് സജേഷും ഇക്കാര്യം മൊഴി നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. അര്‍ജുന്‍റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് സാമ്പത്തിക കുറ്റവിചാരണാ കോടതിയില്‍ കസ്റ്റംസിന്‍റെ വിശദീകരണം. 

അര്‍ജുന് കള്ളക്കടത്ത് ഇടപാടുമായി ബന്ധമുണ്ടെന്ന് അറിയാമായിരുന്നെന്നാണ് ഭാര്യ അമല മൊഴി നല്‍കിയതെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. അര്‍ജുന്‍റെ വരുമാനം സംബന്ധിച്ച വിവരങ്ങള്‍ തനിക്കറിയില്ലെന്നും അമല മൊഴി നല്‍കിയതായി കസ്റ്റംസ് പറയുന്നു. അര്‍ജുന് കള്ളക്കടത്തുമായി പങ്കുണ്ടെന്നും സാമൂഹ്യവിരുദ്ധ സംഘടനകളുമായി ബന്ധമുണ്ടായിരുന്നെന്നും സുഹൃത്ത് സജേഷും മൊഴി നല്‍കി. ഈ സാഹചര്യത്തില്‍ അര്‍ജുന് ജാമ്യം നല്‍കരുതെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. 

അതേസമയം, സ്വർണക്കവർച്ചാ കേസിൽ അർജുൻ ആയങ്കിയെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടോട്ടി പൊലിസ് എറണാകുളം സാമ്പത്തിക കുറ്റവിചാരണാ കോടതിയിൽ ഇന്ന് അപേക്ഷ നൽകും. ഇതിനിടെ, കേസിൽ ചോദ്യം ചെയ്യലിനായി ആകാശ് തില്ലങ്കേരി കസ്റ്റംസിന് മുന്നിൽ ഹാജരായി. അഭിഭാഷകനൊപ്പമാണ് ആകാശ് തില്ലങ്കേരി കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായത്.

അർജുൻ ആയങ്കിയുടെ മൊഴിയിൽ ആകാശ് തില്ലങ്കേരിക്കെതിരായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആകാശ് തില്ലങ്കേരിയോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായ മുഹമ്മദ് ഷാഫിയടക്കം ആകാശ് തില്ലങ്കേരിക്ക് എതിരായി മൊഴി നൽകിയതായും സൂചനയുണ്ട്.


Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News