റിപ്പബ്ലിക് ദിനാഘോഷം: തിരുവനന്തപുരത്ത് ഗവർണർ പതാകയുയർത്തി
മുഖ്യമന്ത്രിയും ചടങ്ങിൽ
തിരുവനന്തപുരം: 75ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തുടക്കമായി. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എൻ.സി.സി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു.
തുടർന്ന് റിപ്പബ്ലിക് ദിന സന്ദേശം നൽകി. മലയാളത്തിലാണ് ഗവർണറുടെ സന്ദേശം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ സംബന്ധിച്ചു. മുഖ്യമന്ത്രിയെ പേര് വിളിച്ചാണ് ഗവർണർ പ്രസംഗത്തിൽ അഭിസംബോധന ചെയ്തത്. പ്രസംഗത്തിലുടനീളം കേന്ദ്ര സർക്കാറിന്റെ നേട്ടങ്ങൾ അദ്ദേഹം വിവരിച്ചു. ഇതോടൊപ്പം കേരളത്തെ വിമർശിക്കുകയും ചെയ്തു. കേരളം ആരോഗ്യകരമായ ജനാധിപത്യം പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
വിയോജിപ്പുകൾ അക്രമത്തിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണ്. ബാഹ്യ ഇടപെടലുകളില്ലാത്ത സ്വതന്ത്ര സ്ഥാപനങ്ങൾ കേരളത്തിൽ വേണമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗശേഷം മുഖ്യമന്ത്രിയുടെ അടുത്തുവന്ന് ഗവർണർ ഇരുന്നെങ്കിലും ഇരുവരും പരസ്പരം സംസാരിച്ചില്ല.
പരേഡിനുശേഷം തിരുവനന്തപുരം നഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പതാകയുയർത്തി.