ചെറാട് മലയില്‍ വീണ യുവാവിന്റെ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍; ഉദ്യോഗസ്ഥർ തിരിച്ചിറങ്ങി

ഹെലികോപ്ടര്‍ വഴി രക്ഷപ്പെടുത്താന്‍ ശ്രമം തുടരുന്നു

Update: 2022-02-08 05:16 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുഴ ചെറാട് മലയിലെ കൊക്കയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം പ്രതിസന്ധിയില്‍. മൂന്ന് സംഘങ്ങളായി പോയ വനംവകുപ്പ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തിരിച്ചറങ്ങി. ചെങ്കുത്തായ മലയിടുക്കായതിനാൽ അങ്ങോട്ടേക്ക് എത്താൻ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഇനി നേവിയുടെ ഹെലികോപ്ടര്‍ വന്നാലെ രക്ഷപ്രവര്‍ത്തനം നടത്താന്‍ കഴിയൂ എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മലമ്പുഴ സ്വദേശി ആര്‍. ബാബുവാണ് (23) കൊക്കയില്‍ കുടുങ്ങിയത്.ബാബുവും മൂന്ന് സുഹൃത്തുക്കളും ഇന്നലെ ഉച്ചക്കാണ് മല കയറിയത്. ഇതിനിടയിലാണ് ബാബു കാല്‍വഴുതി കൊക്കയിലേക്ക് വീഴുന്നത്. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കള്‍ വടിയും മറ്റും ഇട്ട് നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.തുടര്‍ന്ന് ഇവര്‍ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.

വീഴ്ചയില്‍ ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കയ്യിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചുകൊടുത്തിട്ടുണ്ട്. ഇപ്പോള്‍ ഫോണ്‍ ഓഫായ നിലയിലാണ്.രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഷര്‍ട്ട് വീശി കാണിക്കുകയും ചെയ്തിരുന്നു.

പ്രദേശത്ത് വന്യ ജീവി ശല്യം രൂക്ഷമാണെന്നും നാട്ടുകാര്‍ പറയുന്നു. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുമ്പും ഇവിടെ കാല്‍വഴുതി വീണ് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News