പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു
പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീഴുകയായിരുന്നു.
Update: 2023-01-29 07:12 GMT
കണ്ണൂര്‍: കണ്ണൂരിൽ കിണറ്റിൽ ഇറങ്ങിയ പൂച്ചയെ രക്ഷിക്കുന്നതിനിടെ ഗൃഹനാഥൻ കിണറ്റിൽ വീണ് മരിച്ചു. പേരാവൂർ ചാണപ്പാറയിലെ ഷാജി ആണ് മരിച്ചത്. പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീഴുകയായിരുന്നു.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. വീട്ടിലെ വളർത്തു പൂച്ച കിണറ്റില്‍ വീണപ്പോള്‍ രക്ഷിക്കാനായി ഷാജി കിണറ്റിലിറങ്ങുകയായിരുന്നു. പൂച്ചയെ കയറിൽ കെട്ടി പുറത്തെത്തിച്ച ശേഷം തിരികെ കയറുന്നതിനിടെ കയർ പൊട്ടി താഴേക്ക് വീണു. ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.