'രേഷ്മയും പ്രശാന്തും സി.പി.എമ്മുകാർ'; എം.വി ജയരാജനെ തള്ളി കുടുംബം
വീട് ആവശ്യപ്പെട്ടത് നിജിൽ ദാസിന്റെ ഭാര്യയാണെന്നും കൊലക്കേസ് പ്രതിയായിരുന്നുവെന്ന് രേഷ്മക്ക് അറിയില്ലായിരുന്നുവെന്നും പിതാവ്
കണ്ണൂർ: പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതിയെ ഒളിവിൽ താമസിപ്പിച്ച വീട്ടുടമസ്ഥൻ പ്രശാന്തും ഭാര്യയും ആർ.എസ്.എസ് അനുഭാവികളാണെന്ന എം.വി.ജയരാജന്റെ പ്രസ്താവനയെ തള്ളി കുടുംബം. രേഷ്മയും പ്രശാന്തും സിപിഎമ്മുകാരാണെന്നും ഇരുവരുടേതും പരമ്പാരഗതമായി സി.പി.എം കുടുംബങ്ങളാണെന്നും രേഷ്മയുടെ പിതാവ് രാജൻ മീഡിയവണിനോട് പറഞ്ഞു.
'ഇപ്പോൾ എന്തുകൊണ്ട് സി.പി.എം തള്ളിപ്പറയുന്നു എന്ന് അറിയില്ല.രേഷ്മയുടെ സുഹൃത്ത് വഴിയാണ് പ്രതിയായ നിജിൽ ദാസിന് വീട് വാടകക്ക് നൽകിയത്. രേഷ്മയുടെ കൂടെ ജോലി ചെയ്യുന്ന ആളുടെ ഭർത്താവാണെന്ന് പറഞ്ഞാണ് വീട് വാടകക്ക് നൽകിയത്. വീട് ആവശ്യപ്പെട്ടത് നിജിൽ ദാസിന്റെ ഭാര്യയാണ്. നിജിൽ ദാസ് കൊലക്കേസ് പ്രതിയായിരുന്നുവെന്ന് രേഷ്മക്ക് അറിയില്ലായിരുന്നുവെന്നും' പിതാവ് പറഞ്ഞു. 'നിജിൽ ദാസിനേയും രേഷ്മയേയും ബന്ധിപ്പിച്ച് കള്ളക്കഥകൾ മെനയുന്നുവെന്നും കുടുംബം ആരോപിച്ചു. മുമ്പും വീട് വാടകക്ക് നൽകിയിരുന്നതായി മകൾ റിയയും പറഞ്ഞു. ഇന്നലെ രാവിലെ പൊലീസ് വന്നപ്പോഴാണ് സംഭവം അറിഞ്ഞത്. മുമ്പ് പിണറായിപ്പെരുമക്കും വീട് വാടകക്ക് നൽകിയിട്ടുണ്ട്. രേഷ്മ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തുവെന്ന് പറയുന്നതെല്ലാം കള്ളമാണെന്നും അമ്മ പറഞ്ഞു. ഭക്ഷണം കൊണ്ടുപോകുന്നുണ്ടെങ്കിൽ ഞങ്ങൾ അറിയുമായിരുന്നുവെന്നും' രേഷ്മയുടെ കുടുംബം പറഞ്ഞു.
പുന്നോൽ ഹരിദാസ് വധക്കേസിലെ പ്രതി താമസിച്ചത് ആൾത്താമസമില്ലാത്ത വീട്ടിലാണെന്നും സിപിഎം പ്രവർത്തകർ പ്രതിയെ സംരക്ഷിച്ചിട്ടില്ലെന്നുമായിരുന്നു കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞത്. 'പ്രശാന്തിന് സിപിഎം ബന്ധമില്ല. ഒളിവിൽ പാർപ്പിച്ചത് ആസൂത്രിതമാണ്. സഹായം ചെയ്ത സ്ത്രീ ഭക്ഷണം വരെ ഉണ്ടാക്കി നൽകി. ബോംബേറിൽ പാർട്ടിക്ക് ബന്ധമില്ല. ഒളിവിൽ താമസിച്ചത് ശ്രദ്ധയിൽപ്പെടാത്തതിന് ആരെയും കുറ്റപ്പെടുത്താനാകില്ല. പ്രതി പിണറായിൽ താമസിച്ചതിൽ ആരെയും കുറ്റപ്പെടുത്താനാകില്ല. കൊലക്കേസിലെ പ്രതിയെ സംരക്ഷിച്ച പി.എം രേഷ്മയുടെ നടപടി ഗൗരവമുള്ള കുറ്റമാണെന്നും ഇവരും പ്രതിയും തമ്മിലുള്ള ബന്ധത്തിൽ അസ്വാഭാവികതയുണ്ടെന്നും' ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെയാണ് കുടുംബം പൂര്‍ണമായും നിഷേധിച്ചത്.