'മരണത്തിന് കാരണം അമ്മ സുജ'; തിരുവനന്തപുരം സ്വദേശിനി ആശയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് നാട്ടുകാര്‍
വീട്ടില്‍ നിന്ന് ഇറങ്ങിപോകണമെന്ന് ആശയോട് സുജ പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറഞ്ഞു
തിരുവനന്തപുരം: പനയ്ക്കോട് സ്വദേശിനി ഇരുപത്തിയൊന്ന് വയസുള്ള ആശയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് നാട്ടുകാര്‍. ആശയുടെ അമ്മ സുജയുടെ പീഡനത്തെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ച് നാട്ടുകാര്‍ വലിയമല പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആശയെ കിടപ്പ് മുറിയില്‍ തീകൊളുത്തി മരിച്ച നിലയില്‍ കാണപ്പെട്ടത്.
സുജയുടെ ആദ്യവിവാഹത്തിലെ മകളാണ് ആശ. നിരന്തരം ആശയെ സുജ വഴക്ക് പറയുമായിരുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിപോകണമെന്ന് ആശയോട് സുജ പറഞ്ഞിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ച രാവിലെ സുജയും ഭര്‍ത്താവും വീട്ടില്‍ നിന്ന് പുറത്തുപോയതിന് ശേഷമാണ് ആശയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.
മുറിക്കുള്ളില്‍ കയറി കതക് അടച്ച ശേഷം തീക്കൊളുത്തി. പുക ഉയരുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി. പിന്നാലെ വലിയമല പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ആശയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മരണശേഷമാണ് നാട്ടുകാര്‍ സംശയമുന്നയിച്ച് രംഗത്ത് എത്തിയത്. ആശ മരിക്കുന്നതിന് തലേദിവസം സുജയുമായി വഴക്ക് ഉണ്ടായാതായി ആശയുടെ സഹോദരങ്ങള്‍ നാട്ടുകാരില്‍ ചിലരോട് പറഞ്ഞു.
സുജയുടെ പീഡനം കാരണം കുട്ടി നേരത്തെയും വീട് വിട്ട് പോയിട്ടുണ്ട്. ഇതും നാട്ടുകാരില്‍ ദുരൂഹതയേറ്റി. ഇക്കാര്യം ആരോപിച്ചാണ് പതിനഞ്ചോളം നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. നാട്ടുകാരുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം തുടങ്ങി. ആശ കൗണ്‍സിലിങിന് പോയ ഡോക്ടറുടെയും മൊഴിയെടുക്കും.