മുതലപ്പൊഴിയിൽ നിയന്ത്രണം: മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മൽസ്യബന്ധനം വിലക്കാൻ നീക്കം
നിയന്ത്രണങ്ങൾ സംബന്ധിച്ച ശിപാർശ സർക്കാരിന് ഫിഷറീസ് ഡയറക്ടർ കൈമാറി
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനം. കാലാവസ്ഥ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മുതലപ്പൊഴിയിൽ നിയന്ത്രണം ശക്തിപ്പെടുത്തും. നിയന്ത്രണങ്ങൾ സംബന്ധിച്ച ശിപാർശ സർക്കാരിന് ഫിഷറീസ് ഡയറക്ടർ കൈമാറി.
മഴക്കാലമായതോടെ മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കാലാവസ്ഥ മുന്നറിയിപ്പുള്ള ദിവസങ്ങളിൽ മൽസ്യതൊഴിലാളികൾ കടലിൽ പോകുന്നത് പൂർണമായി ഒഴിവാക്കണമെന്നാണ് നിർദേശം. ഇക്കാര്യം അധികൃതർ ഉറപ്പാക്കണമെന്നും ഫിഷറീസ് വകുപ്പ് നിർദേശിച്ചിട്ടുണ്ട്. മന്ത്രിതലത്തിൽ ചർച്ചകൾ നടത്തി വിഷയത്തിൽ അന്തിമതീരുമാനം എടുക്കണമെന്ന് ഫിഷറീസ് ഡയറക്ടർ അറിയിച്ചു.
വിഷയം മൽസയതൊഴിലാളുകളുമായും ഫിഷറീസ് വകുപ്പ് ചർച്ച നടത്തും. കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകുന്നുണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ലെന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്. തുടർന്നാണ് അടിയന്തര നടപടികൾ എടുക്കാനുള്ള തീരുമാനം.
മുതലപ്പൊഴി അപകടമേഖലയാണെന്നും അവിടേക്കുള്ള യാത്ര ഒഴിവാക്കണമെന്നും കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ നിർദേശിച്ചെങ്കിലും ഈ നിർദേശം ലത്തീൻ അതിരൂപത തള്ളിയിരുന്നു. ഹാർബർ അടച്ചിടുക എന്ന് പറഞ്ഞാൽ കെടുകാര്യസ്ഥതയാണെന്ന് ഫാദർ യൂജിൻ പെരേര മീഡിയ വണിനോട് പറഞ്ഞു. മുതലപ്പൊഴിയിലെ പ്രശ്നം നേരത്തെ പരിഹരിക്കേണ്ടത് ആയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.