റോഡുകള്‍ വെട്ടിപ്പൊളിച്ച സംഭവം; പാലക്കാട് നഗരസഭക്കും വാട്ടർ അതോറിറ്റിക്കും നോട്ടീസ്
റോഡ് പണിക്കായി പൊതുമരാമത്ത് വകുപ്പിൽ അടക്കേണ്ട പണം നഗരസഭ ഇതുവരെ കെട്ടിവെച്ചിട്ടില്ല
അമൃത് പദ്ധതിക്കായി റോഡുകൾ വെട്ടിപ്പൊളിച്ചതിന് പാലക്കാട് നഗരസഭക്കും വാട്ടർ അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിന്‍റെ താക്കീത് നോട്ടീസ്. റോഡ് പണിക്കായി പൊതുമരാമത്ത് വകുപ്പിൽ അടക്കേണ്ട പണം നഗരസഭ ഇതുവരെ കെട്ടിവെച്ചിട്ടില്ല.
പാലക്കാട് നഗരത്തിൽ 140 കിലോമീറ്ററിലധികം റോഡുകളാണ് വെട്ടിപ്പൊളിച്ചത്. അമൃത് പദ്ധതിയിൽ ഉൾപെടുത്തി കുടി വെള്ളം എല്ലായിടത്തും എത്തിക്കാനാണ് റോഡിന് നടുവിലൂടെ ചാൽ കീറിയത്. എന്നാൽ ഇവ സമയത്തിന് മൂടിയിട്ടില്ല. റോഡിന്‍റെ അറ്റകുറ്റ പണി നടത്താനുള്ള തുകയും ഡെപ്പോസിറ്റും കെട്ടിവെച്ചിട്ടില്ലെന്ന് കാണിച്ചാണ് പാലക്കാട് നഗരസഭക്കും വാട്ടർ അതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പ് കത്തയച്ചത്.
റോഡിലെ കുഴിയിൽ വീണ് അപകടങ്ങൾ വർധിച്ചതോടെ മനുഷ്യവകാശ കമ്മീഷൻ നഗരസഭ , പൊതുമരാമത്ത് വകുപ്പ് , വാട്ടർ അതോറിറ്റി എന്നിവരെ വിമർശിച്ചിരുന്നു. തുടർന്നാണ് റോഡ് അറ്റകുറ്റപണിക്ക് ഉള്ള പണം വേഗത്തിൽ നൽകണമെന്നും അല്ലാത്തപക്ഷം ഉണ്ടാക്കുന്ന എല്ലാ കഷ്ട നഷ്ടങ്ങൾക്കും ഉത്തരവാദിത്തം നഗരസഭക്കും വാട്ടർ അതോറിറ്റിക്കുമാണെന്നും കാണിച്ച് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകിയത്.