റോഡിലെ കുഴിയിൽ വീണ് അപകടം; ബൈക്ക് യാത്രക്കാരന് ഏഴര ലക്ഷം നഷ്ടപരിഹാരം
കരാറുകാരായ ശ്രീധന്യ കൺസ്ട്രക്ഷൻസ് ആറര ലക്ഷം രൂപയും യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഒരു ലക്ഷം രൂപയും നൽകും
കോഴിക്കോട്: റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റ ബൈക്ക് യാത്രക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം. ബാലുശ്ശേരി എകരൂല്‍ സ്വദേശി അബ്ദുൽ റസാഖിന് നഷ്ടപരിഹാരം നൽകാനാണ് ജില്ലാ നിയമസേവന അതോറിറ്റി അദാലത്തിൽ തീരുമാനമായത്.
കഴിഞ്ഞ ജനുവരി അഞ്ചിനു രാത്രി ചുങ്കം-മുക്കം റോഡിൽ വെഴുപ്പൂർ ബസ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. റോഡ് നിർമ്മാണത്തിനായി കുഴിച്ച കുഴിയിലാണ് അബ്ദുൽ റസാഖ് വീണത്. കുഴിയുണ്ടെന്ന് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ മറ്റെന്തെങ്കിലും തടസ്സങ്ങളോ ഇവിടെ സ്ഥാപിച്ചിരുന്നില്ല. ഒരു റിബ്ബണ്‍ മാത്രമാണ് വലിച്ചുകെട്ടിയിരുന്നത്. തുടയെല്ല് പൊട്ടുകയും ശരീരമാസകലം പരിക്കേല്‍ക്കകയും ചെയ്ത അബ്ദുല്‍ റസാഖ് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
അപകടവാർത്ത മീഡിയവണാണ് പുറത്തുകൊണ്ടുവന്നത്. സംഭവത്തിനു പിന്നാലെ കോഴിക്കോട് ജില്ലാ കലക്ടർ കരാറുകാര്‍ ചികിത്സാ ചെലവ് നൽകണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇദ്ദേഹത്തിനു നഷ്ടപരിഹാരം ഒന്നും ലഭിച്ചിരുന്നില്ല. പിന്നീട് കോഴിക്കോട് ജില്ലാ നിയമസേവന അതോറിറ്റി സൗജന്യ നിയമസഹായത്തിനായി അഡ്വ. വി.പി രാധാകൃഷ്ണനെ നിയമിച്ചിരുന്നു.
അബ്ദുൽ റസാക്ക് കോഴിക്കോട് ജില്ലാ നിയമസേന അതോറിറ്റി മുന്‍പാകെ നൽകിയ പരാതി പരിഗണിച്ച അദാലത്തിലാണ് 10 ദിവസത്തിനകം ഏഴര ലക്ഷം രൂപ നൽകാൻ തീരുമാനമായത്. കരാറുകാരായ ശ്രീധന്യ കൺസ്ട്രക്ഷൻസ് ആറര ലക്ഷം രൂപയും യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഒരു ലക്ഷം രൂപയും നൽകും. കോഴിക്കോട് ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ഷൈജൽ എം.പി അദാലത്തിന് നേതൃത്വം നൽകി.
അബ്ദുൽ റസാക്ക് എക്‌സിക്യൂട്ടീവ് എൻജിനീയർ ഷാജി ശ്രീധന്യ കൺസ്ട്രക്ഷന്‌സിന്‍റെ പ്രൊജക്റ്റ് മാനേജർ നരസിമ്മൻ, യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ ഡെപ്യൂട്ടി മാനേജർ ട്രീസാ വാലന്റീന, അഡ്വ. ടി.വി ഹരി, അഡ്വ. അനിൽ വിശ്വനാഥ്, സോഷ്യോളജിസ്റ്റ് ജിജി എന്നിവർ അദാലത്തിൽ പങ്കെടുത്തു.
Summary: Legal Services Authority Adalath decided to pay Rs 7.5 lakh compensation to the bike rider who fell into the pothole in public road in Thamarassery, Kozhikode