തനിച്ച് താമസിക്കുന്ന വൃദ്ധരുടെ സുരക്ഷ: പൊലീസ് കർശന നിരീക്ഷണം ഏർപ്പെടുത്തും
കഴിഞ്ഞ ദിവസം മലപ്പുറം കുറ്റിപ്പുറത്ത് വീട്ടിൽ തനിച്ച് താമസിച്ചിരുന്ന രണ്ട് വൃദ്ധർ മരിച്ചതോടെയാണ് പൊലീസിന്റെ തീരുമാനം
തനിച്ച് താമസിക്കുന്ന പ്രായമായവരുടെ സുരക്ഷക്കായി പ്രത്യേക നിരീക്ഷണത്തിന് പൊലീസ് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം മലപ്പുറം കുറ്റിപ്പുറത്ത് വീട്ടിൽ തനിച്ച് താമസിച്ചിരുന്ന രണ്ട് വൃദ്ധർ മരിച്ചതോടെയാണ് പൊലീസിന്റെ തീരുമാനം. ഇത്തരം വീടുകൾ കേന്ദ്രീകരിച്ച് രാത്രികാല പോലീസ് പട്രോളിങ് ശക്തമാക്കുമെന്ന് തൃശൂർ ഡി.ഐ.ജി അറിയിച്ചു.
നാടിനെ നടുക്കിയ രണ്ട് കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്നത്. രണ്ടും പ്രായമായവർ. തനിച്ച് താമസിക്കുന്നവർ. കുറ്റിപ്പുറം നടുവട്ടത്ത് കുഞ്ഞിപ്പാത്തുമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയത് പണം അപഹരിക്കാൻ വേണ്ടിയായിരുന്നു. പിടിയിലായ പ്രതി മുഹമ്മദ് ഷാഫി തന്നെ ഇക്കാര്യം പോലീസിനോട് സമ്മതിച്ചു. കുറ്റിപ്പുറത്ത് തന്നെ കടകശേരിയിൽ ഇയ്യാത്തുട്ടിയുടെ മരണവും കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം.
ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കാണാതായിട്ടുണ്ട്. സമാന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് തനിച്ച് താമസിക്കുന്ന പ്രായമായവരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താൻ പോലീസ് നിർദേശം.
അതേസമയം, ഇയ്യാത്തുട്ടിയുടെ മരണം സംബന്ധിച്ച അന്വേഷണം പോലീസ് ശക്തമാക്കി. തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അപരിചിതരായ ചിലരെ പ്രദേശത്ത് ബൈക്കുമായി കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ചില നിർണായക വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.