സുരക്ഷയാണ് പ്രധാനം; കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ചുവപ്പു കൊടി
കരിപ്പൂരിൽ നേരത്തെ നടന്ന അപകടത്തിന്റെ പേരിലാണ് വലിയ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുന്നത്
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനം ഇറക്കുന്നതിനു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ചുവപ്പു കൊടി. സുരക്ഷയുടെ പേര് പറഞ്ഞാണ് വലിയ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുന്നത്. സർക്കാരിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കരിപ്പൂരിന്റെ വികസനത്തെ തടയരുതെന്നും അബ്ദു സമദ് സമദാനി മീഡിയവണിനോട് പറഞ്ഞു.
കരിപ്പൂരിൽ നേരത്തെ നടന്ന അപകടത്തിന്റെ പേരിലാണ് വലിയ വിമാനങ്ങൾക്കുള്ള വിലക്ക് തുടരുന്നത്. സുരക്ഷയാണ് പ്രധാനമെന്നു ലോക്‌സഭയിൽ വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. റൺവേ വികസിപ്പിക്കാതെ വലിയ വിമാനങ്ങൾ ഇറക്കാൻ കഴിയില്ല. സംസ്ഥാന സർക്കാർ ഭൂമിനൽകണമെന്നും, അപകടം അനേഷിച്ച സമിതി റൺവേ വികസനം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
18 വർഷമായി വലിയ വിമാനങ്ങൾ ഇറങ്ങുന്ന വിമാനത്താവളമാണ് കരിപ്പൂരിലേതെന്നു ചർച്ചയിൽ വിഷയം ഉന്നയിച്ച അബ്ദു സമദ് സമദാനി പറഞ്ഞു. വലിയ വിമാനങ്ങൾക്ക് അനുമതി നൽകാതിരിക്കുന്നത് പ്രവാസി മലയാളികൾക്കടക്കം ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തെ ഒഴിവാക്കിയതിലും കേരളത്തിലെ എംപിമാർക്ക് പ്രതിഷേധമുണ്ട്.