യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ആശുപത്രി ഉപകരണങ്ങളൊന്നും നഷ്ടമായിട്ടില്ലെന്ന് ആഭ്യന്തര റിപ്പോർട്ട്
2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്
കോഴിക്കോട്: യുവതിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്ത കത്രിക മെഡിക്കൽ കോളജ് ആശുപത്രിയിലേതാകാൻ സാധ്യതയില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്. ശസ്ത്രക്രിയക്കായി ഉപയോഗിച്ച ഉപകരണങ്ങൾ ഒന്നും നഷ്ടമായിട്ടില്ലെന്നും കണക്കെടുപ്പിൽ എല്ലാം കൃത്യമായി രേഖപ്പെടുത്തിയതായി കണ്ടെത്തിയെന്നും റിപ്പോർട്ട് പറയുന്നു.
യുവതിയുടെ പരാതിയിൽ ആരോഗ്യ വകുപ്പ് നിയോഗിച്ച പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യൽ ഓഫീസർ ഡോ.അബ്ദുൽ റഷീദ് ആണ് അന്വേഷണസംഘത്തിന് നേതൃത്വം കൊടുക്കുന്നത്. നഴ്‌സിങ് ജോയിന്റ് ഡയറക്ടർ സലീന ഷാ,കൊല്ലം മെഡിക്കൽ കോളജ് ഫോറൻസിക് മെഡിസിൻ വിഭാഗം മേധാവി ഡോ.രഞ്ചു രവീന്ദ്രൻ എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
2017 നവംബർ 30ന് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്കിടെ മറന്നു വച്ച കത്രിക മൂത്രസഞ്ചിയിൽ തറഞ്ഞു നിൽക്കുകയായിരുന്നു. കടുത്ത വേദന മൂലം പല ആശുപത്രികളിലും ചികിത്സ തേടിയെങ്കിലും ഫലമുണ്ടായില്ല. സ്വകാര്യ ആശുപത്രിയിലെ സി.ടി സ്‌കാനിലാണ് മൂത്ര സഞ്ചിയിൽ ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന കത്രിക തറച്ചു നിൽക്കുന്നത് കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളജിൽ വച്ച് വീണ്ടും ശസ്ത്രക്രിയ നടത്തി കത്രിക പുറത്തെടുക്കുകയായിരുന്നു.