Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: സീരിയലുകളെ കുറിച്ചുള്ള 'എൻഡോസൾഫാൻ' പരാമർശത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറിനെതിരെ സീരിയൽ അഭിനേതാക്കളുടെ സംഘടനയായ 'ആത്മ'. ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആത്മ അഗങ്ങളാണ് പ്രേംകുമാറിന്റെ നിലപാടിനെതിരെ തുറന്ന കത്തുമായി രംഗത്തെത്തിയത്.
'ഒരിക്കല്‍ തന്റെ ജീവിതോപാധി ആയിരുന്ന മലയാള സീരിയലുകള്‍ എന്‍ഡോസല്‍ഫനെക്കാള്‍ വിഷലിപ്തമാണെന്ന താങ്കലുടെ പ്രസ്താവനയില്‍ ആത്മ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. എന്തെങ്കിലു കുറവുകള്‍ സീരിയലുകള്‍ക്കുണ്ടെങ്കില്‍ തന്നെ അതിന് മാതൃകാപരമായ ഇടപെടലുകള്‍ നടത്തേണ്ട ചുമതലയിലാണ് പ്രേംകുമാര്‍ ഇരിക്കുന്നത്. പ്രേംകുമാര്‍ അതിന് ശ്രമിക്കാതെ കയ്യടിക്ക് വേണ്ടി ആരോപണങ്ങള്‍ ഉയര്‍ത്തുയാണ്. സീരിയല്‍ മേഖലയിലെ ഒരുപറ്റം സാധാരണക്കാരുടെ ഉപജീവന മാര്‍ഗത്തിന്റെ മുകളിലാണ് താങ്കള്‍ ഇപ്പോള്‍ എന്‍ഡോസല്‍ഫാന്‍ വിതറിയിരിക്കുന്നത്. മുന്‍പ് ആത്മയിലെ അംഗം കൂടിയായിരുന്ന താങ്കള്‍ ഇതേ പരാമര്‍ശത്തില്‍ ആത്മയുടെ ജനറല്‍ബോഡിയില്‍ മാപ്പ് പറഞ്ഞത് മറക്കരുത്' എന്ന് ആത്മ അംഗങ്ങൾ കത്തിൽ പരാമർശിച്ചു.
സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നുമായിരുന്നു പ്രേംകുമാറിന്റെ പ്രസ്താവന. സിനിമയും സീരിയലും വെബ്സീരീസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. അത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നും പ്രേംകുമാർ പറഞ്ഞിരുന്നു. അതേസമയം എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാർ വ്യക്തമാക്കിയിരുന്നു.