പാരമ്പര്യ വൈദ്യൻ വധക്കേസ്; എടവണ്ണ പാലത്തിന്‍റെ മൂന്നാം തൂണിന് സമീപമാണ് മൃതദേഹം തള്ളിയതെന്ന് ഷൈബിൻ
കസ്റ്റഡിയിലുള്ള മുഖ്യ പ്രതി ഷൈബിൻ അഷ്റഫിനെയും കൂട്ടുപ്രതി നിഷാദിനെയും എടവണ്ണയിലെ പാലത്തിൽ എത്തിച്ച് തെളിവെടുത്തു
മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്‍റെ കൊലപാതകത്തിൽ നിർണായക തെളിവുകൾ തേടി പൊലീസ്. കസ്റ്റഡിയിലുള്ള മുഖ്യ പ്രതി ഷൈബിൻ അഷ്റഫിനെയും കൂട്ടുപ്രതി നിഷാദിനെയും എടവണ്ണയിലെ പാലത്തിൽ എത്തിച്ച് തെളിവെടുത്തു. മൃതദേഹം പുഴയിലെറിഞ്ഞെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പുഴയിലും പൊലീസ് പരിശോധന നടത്തി.
മുഖ്യപ്രതി ഷൈബിൻ അഷറഫ്, ഇയാളുടെ ഡ്രൈവറും പ്രതിയുമായ നിഷാദ് എന്നിവരെയാണ് രാവിലെ 10.30ഓടെ തെളിവെടുപ്പിനായി എടവണ്ണ സീതി ഹാജി പാലത്തിലെത്തിച്ചത്. പാലത്തിന്‍റെ മൂന്നാം തൂണിന് സമീപമാണ് മൃതദേഹം തള്ളിയതെന്ന് മുഖ്യ പ്രതി ഷൈബിൻ അഷറഫ് മൊഴി നൽകി . മൃതദേഹം തളളിയ ഭാഗം ഷൈബിൻ പൊലീസിന് കാണിച്ചുകൊടുത്തു. വിരലടയാള വിദഗ്ധർ പാലത്തിന് താഴെ ഇറങ്ങി പരിശോധന നടത്തി . തെരച്ചിലിനായി ഫയർഫോഴ്സിന്‍റെ ഉൾപ്പെടെ മൂന്ന് ബോട്ടുകളും സ്ഥലത്ത് എത്തിച്ചു . മൃതദേഹാവശിഷ്ടം കണ്ടെത്താൻ നാളെയും ഈ ഭാഗത്ത് തിരച്ചിൽ നടത്തുമെന്ന് പൊലീസ് പറഞ്ഞു .
വൻ സുരക്ഷ സന്നാഹങ്ങളോടെ ബോട്ടുകൾ ഉൾപ്പെടെ ഉപയോഗപ്പെടുത്തി ആണ് മൃതദേഹാവശിഷ്ടത്തിനായി തെരച്ചിൽ നടത്തുന്നത്. ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം വെട്ടി മുറിച്ച് എടവണ്ണ പാലത്തിന് സമീപം തള്ളുകയായിരുന്നുവെന്നാണ് പ്രതികൾ നൽകിയ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്.