ഷംസീർ മാപ്പ് പറയില്ല; പറഞ്ഞത് തിരുത്തിപ്പറയാൻ ഉദ്ദേശിക്കുന്നില്ല: എം.വി ഗോവിന്ദൻ
ശാസ്ത്രവും മിത്തും ഒന്നാണെന്ന് പറഞ്ഞാൽ വകവെച്ചു കൊടുക്കാനാവില്ല. ചരിത്രം ചരിത്രമായും മിത്ത് മിത്തായും കാണണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: ഹിന്ദു വിശ്വാസത്തെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സ്പീക്കർ എ.എൻ ഷംസീർ മാപ്പ് പറയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പറഞ്ഞത് തിരുത്തിപ്പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രീയമായി ചില കാര്യങ്ങൾ പറഞ്ഞാൽ സി.പി.എമ്മിനെ കോൺഗ്രസും ബി.ജെ.പിയും കടന്നാക്രമിക്കുകയാണ്. ചില സാമുദായിക സംഘടനകളും അത് ഏറ്റുപിടിക്കുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ശാസ്ത്രവും മിത്തും ഒന്നാണെന്ന് പറഞ്ഞാൽ വകവെച്ചു കൊടുക്കാനാവില്ല. ചരിത്രം ചരിത്രമായും മിത്ത് മിത്തായും കാണണം. തെറ്റായ പ്രവണതകളെ പൊറുപ്പിക്കാനാവില്ല. ആരുടെ നേലും കുതിര കയറാം എന്ന ധാരണ വേണ്ട. ഷംസീറിനെതിരെ ആദ്യം രംഗത്തുവന്നത് കെ. സുരേന്ദ്രനാണ്. പിന്നാലെ കോൺഗ്രസും സമാന നിലപാടെടുത്തു. സ്വർണക്കള്ളക്കടത്ത് കേസിലും കേരളം ഇത് കണ്ടതാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
ഗണപതി ക്ഷേത്രത്തിൽ പോയി വഴിപാട് കഴിക്കുന്നതിന് സി.പി.എം എതിർക്കുന്നില്ല. പക്ഷേ രാഷ്ട്രീയ ആയുധമായി അത് മാറുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണം. ഗണപതിയെ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന് 2014ൽ മോദി തന്നെ പറഞ്ഞിട്ടുണ്ട്. ഷംസീറിന്റെ പ്രസംഗം ദുർവ്യാഖ്യാനം ചെയ്തു ജനങ്ങൾക്കിടയിൽ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ ജാഗ്രത വേണം.
സി.പി.എം വിശ്വാസികൾക്കെതിരല്ല. വിശ്വാസികൾക്ക് എതിരായ പ്രസ്ഥാനമാണ് സി.പി.എം എന്ന് മുമ്പും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസികൾക്കും അവിശ്വാസികൾക്കും ഇവിടെ ജീവിക്കാൻ സ്വാതന്ത്ര്യമുണ്ട്. വൈരുദ്ധ്യാത്മക ഭൗതികവാദമാണ് സി.പി.എം ദാർശനികമായി ഉയർത്തിപ്പിടിക്കുന്നത്. കൃത്യതയാർന്ന സമീപനം വിശ്വാസികളെ സംബന്ധിച്ച് സി.പി.എമ്മിന് ഉണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
സ്പീക്കർക്ക് ശാസ്ത്രം പറയാൻ പാടില്ലേ എന്ന എം.വി ഗോവിന്ദൻ ചോദിച്ചു. ഷംസീറിന്റെ പേര് തന്നെയാണ് പ്രശ്‌നമെന്ന് കരുതേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഷംസീറിനെ കടന്നാക്രമിച്ചാൽ പാർട്ടി പ്രതിരോധിക്കുമെന്നും എം.വി ഗോവിന്ദൻ വ്യക്തമാക്കി.