'അത്യന്തം ദാരുണമായ അവസ്ഥ', സിദ്ദിഖ് കാപ്പന് അടിയന്തരമായി ചികിത്സ ലഭ്യമാക്കണം; മനുഷ്യാവകാശ കമ്മീഷന് കത്ത് നൽകി മുനീർ
'സിദ്ദിഖ് കാപ്പൻ്റെ കാര്യത്തിൽ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്'
ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അടിയന്തരമായി കോവിഡ് ചികിത്സ സൗകര്യം ലഭ്യമാവണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തയച്ച് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ.
ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സിദ്ദിഖ് കാപ്പന്‍റെ ആരോഗ്യനില അതീവ ഗുരുതരമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. സിദ്ദിഖ് കാപ്പൻ്റെ കാര്യത്തിൽ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്. അതിന് മാത്രം എന്ത് കുറ്റമാണ് അദ്ദേഹം ചെയ്തിട്ടുള്ളതെന്ന് മുനീർ ചോദിച്ചു.
യോഗിയും മോദിയും ഷായും തീർത്ത തടവറകളിൽ എത്ര പേർ ഇങ്ങനെ ജീവിതം ഹോമിക്കുന്നുണ്ടാവണം. അദ്ദേഹത്തിൻ്റെ മോചനം എത്രയും വേഗം സാധ്യമാകണം. നീതി ലഭ്യമാവണം. മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരുണ്ട യുഗത്തിലേക്ക് നാം തിരിച്ചു പോവുകയാണോയെന്നും എന്ത് കൊണ്ടാണ് മലയാളിയായ ഒരു പത്രപ്രവർത്തകൻ്റെ അകാരണമായ അറസ്റ്റിലും മനുഷ്യാവകാശ ലംഘനത്തിലും സംസ്ഥാന സർക്കാർ നിശബ്ദമാകുന്നതെന്നും എംകെ മുനീർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;
അത്യന്തം ദാരുണമായ അവസ്ഥയിൽ കൂടിയാണ് സിദ്ദിഖ് കാപ്പൻ എന്ന മലയാളി പത്രപ്രവർത്തകൻ കടന്നു പോകുന്നത് എന്ന് അദ്ദേഹത്തിൻ്റെ ഭാര്യയുടെ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നു. കോവിഡ് ബാധിതനായ അദ്ദേഹം ബാത്ത്റൂമിൽ തല കറങ്ങി വീഴുകയും താടിയെല്ല് പൊട്ടുകയും ശരീരമാസകലം വേദന അനുഭവിക്കുകയും ചെയ്യുന്ന അവശനിലയിലാണ് ഉള്ളതെന്ന് ഭാര്യ പറയുന്നു. ചങ്ങലയിൽ കിടന്ന് പ്രാഥമിക കാര്യങ്ങൾ പോലും നിർവ്വഹിക്കാനാവാത്ത തരത്തിൽ ജയിലിൽ ക്രൂര മർദ്ദനമാണ്, ഉടൻ ചികിത്സ ലഭ്യമായില്ലെങ്കിൽ അദ്ദേഹത്തിൻ്റെ അവസ്ഥ കൂടുതൽ മോശമാകുമെന്നും പുറത്ത് വരുന്നു.
കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട് തേടി റിപ്പോർട്ടിംഗിൻ്റെ ഭാഗമായി ഹഥ്രാസിലേക്ക് പോയ മലയാളി പത്രപ്രവർത്തകനാണ് സിദ്ദിഖ് കാപ്പൻ. പിന്നീടദ്ദേഹം തിരിച്ചു വന്നിട്ടില്ല. പത്രപ്രവർത്തക യൂണിയൻ നേതാവ് കൂടിയായ അദ്ദേഹം ഡൽഹിയിൽ നിന്ന് ഹാഥ്രസിലേക്ക് എത്തും മുൻപെ പിടിയിലായി. അദ്ദേഹത്തിൻ്റെ പേര് നോക്കി അറസ്റ്റ് ചെയ്യാൻ ഉത്തർപ്രദേശ് പോലിസിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. സിദ്ദീഖ് കാപ്പൻ്റെ കാര്യത്തിൽ മനുഷ്യാവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുകയാണ്. അതിന് മാത്രംഎന്ത് കുറ്റമാണ് അദ്ദേഹം ചെയ്തിട്ടുള്ളത് ? യോഗിയും മോദിയും ഷായും തീർത്ത തടവറകളിൽ എത്ര പേർ ഇങ്ങനെ ജീവിതം ഹോമിക്കുന്നുണ്ടാവണം. കരുതൽ തടങ്കൽ അനുഭവിക്കുന്ന മനുഷ്യരെ കുറിച്ചുള്ള വാർത്തകളെത്ര നാം കേൾക്കുന്നു. മനുഷ്യാവകാശ ലംഘനങ്ങളുടെ ഇരുണ്ട യുഗത്തിലേക്ക് നാം തിരിച്ചു പോവുകയാണോ? എന്ത് കൊണ്ടാണ് മലയാളിയായ ഒരു പത്രപ്രവർത്തകൻ്റെ അകാരണമായ അറസ്റ്റിലും അദ്ദേഹത്തോടുള്ള മനുഷ്യാവകാശ ലംഘനത്തിലും സംസ്ഥാന ഗവൺമെന്റും നിശബ്ദമാകുന്നത്?
സിദ്ദീഖ് കാപ്പന് അടിയന്തിരമായി കോവിഡ് ചികിത്സ സൗകര്യം ലഭ്യമാവണം. അദ്ദേഹത്തിൻ്റെ മോചനം എത്രയും വേഗം സാധ്യമാകണം. നീതി
ലഭ്യമാവണം. ഈ ആവശ്യങ്ങളുന്നയിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്ത് നൽകിയിട്ടുണ്ട്. ഈ മനുഷ്യാവകാശ ധ്വംസനത്തിനെതിരെ സാധ്യമാകുന്നതെല്ലാം ചെയ്യാൻ കേരളം ഒന്നിച്ച് കൈകോർക്കേണ്ട സമയമാണിത്.