ലാവലിന്‍ കേസ് അടുത്തമാസം 13ന് സുപ്രീംകോടതി പരിഗണിക്കും

കോടതിയിലെത്തി 30 തവണയും രജിസ്ട്രി വഴി 20 തവണയുമാണ് ഇതുവരെ സുപ്രിംകോടതിയിൽ ലാവ്‌ലിൻ കേസ് മാറ്റിവയ്ക്കപ്പെട്ടത്.

Update: 2022-08-25 09:17 GMT
Advertising

എസ്.എൻ.സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഹരജികൾ അടുത്ത മാസം 13ന് സുപ്രിംകോടതി പരിഗണിക്കും. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്ന് ലാവലിന്‍ ഹരജികൾ നീക്കം ചെയ്യരുതെന്ന് സുപ്രിംകോടതി നിർദേശിച്ചു. നിയുക്ത ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കർശന നിർദേശം നൽകിയത്.

കോടതിയിലെത്തി 30 തവണയും രജിസ്ട്രി വഴി 20 തവണയുമാണ് ഇതുവരെ സുപ്രിംകോടതിയിൽ ലാവലിന്‍ കേസ് മാറ്റിവയ്ക്കപ്പെട്ടത്. മുഖ്യമന്ത്രി പിണാറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്ക് എതിരെ സിബിഐ ആണ് ആദ്യം ഹരജി സമർപ്പിച്ചത്.

പിണറായി ഉൾപ്പെടെയുള്ളവർക്ക് ലഭിച്ച ആനുകൂല്യം തങ്ങൾക്കും വേണമെന്ന്, നിലവിൽ പ്രതിപ്പട്ടികയിലുള്ള കെ.എസ്.ഇ.ബി മുന്‍ അക്കൗണ്ട്സ് മെംബര്‍ കെ.ജി രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, ജനറേഷന്‍ വിഭാഗം മുന്‍ ചീഫ് എൻജിനീയർ എം. കസ്തൂരിരംഗ അയ്യര്‍ എന്നിവർ നൽകിയ ഹരജിയും സുപ്രികോടതിയിലുണ്ട്.

നാല് വർഷം കഴിഞ്ഞിട്ടും ഈ ഹരജിയിൽ അന്തിമ വാദം കേൾക്കൽ ആരംഭിച്ചിട്ടില്ല. മുപ്പതിൽ അധികം തവണ ഹരജി പരിഗണനയ്ക്ക് വന്നെങ്കിലും മാറിപ്പോവുകയായിരുന്നു. പിണറായി വിജയൻ ഒഴികെ കേസിലെ വിവിധ കക്ഷികൾ വ്യത്യസ്ത സമയങ്ങളിൽ ഹരജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും, കോടതി അത് അംഗീകരിക്കുകയുമായിരുന്നു.

കഴിഞ്ഞ ആറ് മാസമായി ഹരജി കോടതിയുടെ അഡ്വാൻസ് ലിസ്റ്റിൽ ഉണ്ടെങ്കിലും അവസാന നിമിഷം മാറിപ്പോവുകയാണ്. ഇക്കാര്യ പരാതിക്കാരനായ ടി പി നന്ദകുമാറിന്റെ അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് ഹരജി 13ന് പരിഗണിക്കുന്ന പട്ടികയിൽ നിന്ന് നീക്കരുതെന്ന് നിയുക്ത ചീഫ് ജസ്റ്റിസ് നിർദേശിച്ചത്.

ഉന്നത രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടുന്ന കേസ് മാറ്റിവയ്ക്കരുതെന്ന് സുപ്രിംകോടതി നേരത്തെ നിർദേശിച്ചിരുന്നു. കേസ് വീണ്ടും പരിഗണിക്കുമ്പോൾ ജസ്റ്റിസ് യു.യു ലളിത് ചീഫ് ജസ്റ്റിസ് ആകുമെന്നതിനാൽ അദ്ദേഹം തന്നെ പരിഗണിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News