തര്‍ക്കം തീരുന്നില്ല; കേരളത്തിലെ ഡി.സി.സി പുനഃസംഘടനയില്‍ സോണിയ ഗാന്ധി ഇടപെടുന്നു
മുതിർന്ന നേതാക്കളുടെ പരാതി പരിഹരിച്ചതിന് ശേഷം മാത്രമായിരിക്കും ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന
കേരളത്തിലെ ഡിസിസി പുനഃസംഘടനയിൽ സോണിയ ഗാന്ധി ഇടപെടുന്നു. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് പാർട്ടി അധ്യക്ഷ വിശദീകരണം തേടി. മുതിർന്ന നേതാക്കൾ പരാതി അയക്കാനിടയായ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. എത്രയും വേഗം പ്രശ്‌നം പരിഹരിക്കാനാണ് താരിഖ് അൻവറിന് സോണിയ ഗാന്ധിയുടെ നിർദേശം.
മുതിർന്ന നേതാക്കളുടെ പരാതി പരിഹരിച്ചതിന് ശേഷം മാത്രമായിരിക്കും ഡിസിസി പ്രസിഡന്റുമാരുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ രണ്ട് ദിവസത്തിനുള്ളിൽ പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പേര് പുറത്തുവിടുമെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ പ്രതീക്ഷിച്ചിരുന്നുവെങ്കിലും സോണിയ ഗാന്ധിയുടെ ഇടപെടലോടെ പ്രഖ്യാപനം അൽപ്പം നീളാനാണ് സാധ്യത.
നേരത്തെ കെ. സുധാകരൻ നൽകിയ പട്ടികയ്‌ക്കെതിരേ പ്രതിഷേധവുമായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു.