ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലക്ക് യുജിസി അംഗീകാരം: പ്രവേശന നടപടികൾ നാളെ മുതൽ
ഒക്ടോബർ പത്ത് മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലക്ക് അംഗീകാരം നൽകി യുജിസി. ഇതോടെ നാളെ മുതൽ പ്രവേശന നടപടികൾ ആരംഭിക്കും.യു ജി സി അംഗീകാരം നൽകിയ ഏഴ് കോഴ്സുകളിലാണ് പ്രവേശനം നടത്തുക. ഒക്ടോബർ പത്ത് മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം.
കോഴ്സുകൾ നടത്താനുളള അനുമതി ലഭിച്ചതിന് തൊട്ടു പിന്നാലെ പ്രവേശന നടപടികൾ ഊർജിതമാക്കുകയാണ് സർവകലാശാല. പ്രവേശനത്തിനായുള്ള വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നവംബർ 15 വരെ പ്രവേശന നടപടികൾ ആകാമെന്നാണ് യുജിസി നിർദേശം.
ബി എ മലയാളം, ഇംഗ്ലിഷ്, ഹിന്ദി, സംസ്കൃതം, അറബിക് എന്നീ ബിരുദ കോഴ്സുകളിലും മലയാളം, ഇംഗ്ലീഷ് വിഷയങ്ങളിലെ പി ജി കോഴ്സുകളിലുമാണ് പ്രവേശനം നടത്തുക. ബാക്കി വിഭാഗങ്ങളിൽ സ്ഥിര മേധാവികളെ നിയമിക്കാൻ ഇന്ന് ഇൻ്റർവ്യൂ നടക്കും.
17 കോഴ്സുകൾ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. ഇതിൽ ഏഴ് കോഴ്‌സുകൾക്ക് മാത്രമാണ് അനുമതി ലഭിച്ചത്. മറ്റ് വിഭാഗങ്ങൾക്ക് സ്ഥിര മേധാവി ഇല്ലാത്തത് അംഗീകാരം ലഭിക്കുന്നതിന് തടസ്സമായെന്ന് സർവകലാശാല രജിസ്ട്രാർ ജയമോഹൻ അറിയിച്ചു.