രണ്ടു ദിവസത്തിനിടെ കണ്ണൂരിനും കാഞ്ഞങ്ങാടിനുമിടയിൽ നാലു ട്രെയിനുകള്‍ക്കു നേരെ കല്ലേറ്; യാത്രക്കാര്‍ ഭീതിയില്‍
കല്ലേറ് അടിക്കടി റിപ്പോർട്ട് ചെയ്യുമ്പോഴും അക്രമികളെ കണ്ടെത്താൻ സാധിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട്
കണ്ണൂര്‍: കണ്ണൂരിനും കാസർകോടിനുമിടയിൽ യാത്രക്കാർക്ക് ഭീഷണി ആയി മാറിയിരിക്കുകയാണ് തീവണ്ടികൾക്കു നേരെ നടക്കുന്ന കല്ലേറ്. കല്ലേറ് അടിക്കടി റിപ്പോർട്ട് ചെയ്യുമ്പോഴും അക്രമികളെ കണ്ടെത്താൻ പോലും സാധിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇത്തരം ആക്രമണങ്ങൾ എങ്ങനെ തടയാമെന്ന കാര്യത്തിൽ റെയിൽവെക്ക് കൃത്യമായ മറുപടിയും ഇല്ല.
നേരത്തെ കേരളാ അതിർത്തിയോട് ചേർന്ന് മഞ്ചേശ്വരം, ഉപ്പള മേഖലകളിലാണ് തീവണ്ടികൾക്കു നേരെയുള്ള കല്ലേറ് നിരന്തരം റിപ്പോർട്ട് ചെയ്തിരുന്നത്. അടുത്തിടെ ഇത് കണ്ണൂർ ജില്ലയുടെ പല ഭാഗങ്ങളിലും ആവർത്തിച്ച് തുടങ്ങി. ഓടിക്കൊണ്ടിരിക്കുന്ന വണ്ടിക്കകത്ത് സുരക്ഷ ഇല്ലെന്നതാണ് നിലവിലെ സാഹചര്യം. രണ്ടു ദിവസത്തിനിടെ കണ്ണൂരിനും കാഞ്ഞങ്ങാടിനുമിടയിൽ നാലു വണ്ടികൾക്കു നേരെയാണ് കല്ലേറ് ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഇതോടെ യാത്രക്കാരുടെ മനസ്സിൽ ഭീതി ശക്തമായിട്ടുണ്ട്. നിരീക്ഷണ സംവിധാനം അനിവാര്യമാണെന്നാണ് വിലയിരുത്തൽ.
സാമൂഹ്യ വിരുദ്ധരുടെ താവളമായി റെയിൽ പാളങ്ങൾ മാറിയതോടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നത് വെല്ലുവിളിയാണ്. അടുത്തിടെയുണ്ടായ സംഭവങ്ങൾ ഓരോന്നും വിരൽ ചൂണ്ടുന്നതും ഇതിലേക്കാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം റയിൽവെക്ക് തന്നെയാണ്. അക്രമം നടത്തുന്നവര്‍ക്കെതിരെ കർശന നടപടി സ്വീകരിച്ചാലേ റെയിൽവെ പറയുന്ന പോലെ യാത്രകൾ ശുഭകരമാകൂ.