ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധ സന്ദേശമയച്ച വിദ്യാർഥികളുടെ ഫോണ്‍ പിടിച്ചെടുത്തു
അഡ്മിനിസ്ട്രേറ്റര്‍ക്കെതിരായ പ്രതിഷേധ സ്വരങ്ങള്‍ അടിച്ചമർത്തുകയാണ് പൊലീസ് നടപടിയിലൂടെ ഉദ്ദേശിക്കുന്നത് നാട്ടുകാർ പറയുന്നു
ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധ സന്ദേശമയച്ച രണ്ട് വിദ്യാർഥികളുടെ ഫോണ്‍ പിടിച്ചെടുത്തു. കൽപേനി ദ്വീപിലാണ് പൊലീസ് നടപടി. വിദ്യാർഥികളോട് നാളെ സ്റ്റേഷനിൽ ഹാജരാകാനും പൊലീസ് നിർദേശം നൽകി.
നിലവിൽ ലക്ഷദ്വീപിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി അഡ്മിനിസ്ട്രേറ്ററുടെ ഫോണിലേക്ക് സേവ് ലക്ഷദ്വീപ് ഹാഷ്ടാഗോടെ സന്ദേശമയച്ച വിദ്യാർഥികളുടെ ഫോണുകളാണ് പിടിച്ചെടുത്തത്. വിദ്യാർഥികളോട് രാവിലെ പത്ത് മണിക്ക് സ്റ്റേഷനിൽ ഹാജരാകാനും ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവരുടെ അറസ്റ്റിലേക്ക് പൊലീസ് നീങ്ങുമോ എന്ന കാര്യത്തില്‍ ദുരൂഹത തുടരുകയാണ്.
നേരത്തെ, അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് ഇ മെയിൽ അയച്ചതിന്റെ പേരിലും രാവിലെ വിദ്യാർഥികളെ പിടികൂടിയിരുന്നു. ദ്വീപിലെ പുതിയ പരിഷ്കരണ നടപടികളെ തുടര്‍ന്ന് പ്രഫുൽ പട്ടേലിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ അടിച്ചമർത്തുകയാണ് പൊലീസ് നടപടിയിലൂടെ ഉദ്ദേശിക്കുന്നത് നാട്ടുകാർ പറയുന്നു.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ ഹൈക്കോടതി വിമര്‍ശിച്ചു. ദ്വീപില്‍ എന്താണ് നടക്കുന്നതെന്ന് അറിയുന്നുണ്ടെന്നും, മാധ്യമങ്ങളിലൂടെയല്ല സബ് ജഡ്ജിലൂടെ കാര്യങ്ങള്‍ അറിയുന്നുണ്ടെന്നും ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു.