സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്കോ? വേനല്‍മഴയിൽ 33 ശതമാനത്തിന്‍റെ കുറവുണ്ടെന്ന് കണക്ക്
2016ന് ശേഷം ആദ്യമായാണ് വേനല്‍മഴയില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്
സംസ്ഥാനത്ത് ഈ വർഷം ഇതിനകം ലഭിക്കേണ്ട വേനല്‍മഴയിൽ 33 ശതമാനത്തിന്‍റെ കുറവുണ്ടെന്നാണ് കണക്ക്. 2016ന് ശേഷം ആദ്യമായാണ് വേനല്‍മഴയില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളില്‍ വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ കേരളം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് ആശങ്ക. ഇതിനൊപ്പം താപനില കൂടുന്നത് കാര്‍ഷിക വിളകളെയും ബാധിക്കും.
മാര്‍ച്ച് 20 വരെയുള്ള കണക്ക് പ്രകാരം തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും വേനല്‍മഴയില്‍ വലിയ കുറവുണ്ടായി. മലപ്പുറത്ത് ഒട്ടും മഴ ലഭിച്ചില്ല. കണ്ണൂര്‍ , പാലക്കാട്, തൃശൂര്‍ ജില്ലകളിലും സമാനമായ അവസ്ഥയാണ്. കാസര്‍കോട് 63 ശതമാനവും കോഴിക്കോട് 45 ശതമാനവും കുറവാണ് വേനല്‍ മഴയില്‍ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. അന്തരീക്ഷ താപനില ഉയരുന്നതിനൊപ്പം മണ്ണിന്‍റെ ഉപരിതല താപനിലയും ഉയരുകയാണ്. ഇത് നെല്ല്, തെങ്ങ് ,കാപ്പി തുടങ്ങി കാര്‍ഷിക വിളകളെ സാരമായി ബാധിക്കും. ഇതിനകം തന്നെ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി. അതിനാല്‍ ഇനി ലഭിക്കുന്ന വേനല്‍മഴ കരുതലോടെ സംരക്ഷിക്കണമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.