പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞ പ്രതി ഒന്നര വര്‍ഷത്തിനുശേഷം പിടിയില്‍
ലോക്കൽ പോലീസിന് കടന്ന ചെല്ലാൻ പ്രയാസമുള്ള ഉൾഗ്രാമത്തിൽ നിന്നാണ് വേഷം മാറി പൊലീസ് പ്രതിയെ പിടികൂടിയത്.
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ ഒന്നര വർഷത്തിനുശേഷം അസമിൽ നിന്ന് സാഹസികമായി പിടികൂടി പൊലീസ്. അസം സ്വദേശി മഹേശ്വന്‍ സൈക്കിയെയാണ് കളമശ്ശേരി പൊലീസ് പിടികൂടിയത്. ലോക്കൽ പോലീസിന് കടന്ന ചെല്ലാൻ പ്രയാസമുള്ള ഉൾഗ്രാമത്തിൽ നിന്നാണ് വേഷം മാറി പൊലീസ് പ്രതിയെ പിടികൂടിയത്.
2022ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കളമശ്ശേരി ചേനക്കാല റോഡില്‍ താമസിച്ചിരുന്ന പ്രതി മഹേശ്വന്‍ സൈക്കിയ സമീപത്ത് താമസിച്ചിരുന്ന പെൺകുട്ടിയെ പ്രണയം നടിച്ച് വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് അസമിലേക്ക് കടന്നു കളഞ്ഞു. അരുണാചൽപ്രദേശിനോട് ചേർന്ന് കിടക്കുന്ന ഉൾ ഗ്രാമത്തിൽ നിരോധിത സംഘടനയായ ഉൽഫ ബോഡോ ഗ്രൂപ്പുമായി ബന്ധമുള്ള ആളുടെ വീട്ടിലാണ് പ്രതി ഒളിവിൽ കഴിഞ്ഞത്. കഴിഞ്ഞവർഷം അസമിൽ എത്തി പ്രതിയെ പിടികൂടാൻ കളമശ്ശേരി പൊലീസ് സംഘം ശ്രമം നടത്തിയെങ്കിലും ലോക്കൽ പൊലീസിന്‍റെ സഹായം ലഭിക്കാതെ വന്നതോടെ മടങ്ങുകയായിരുന്നു. ഇത്തവണ ഇറച്ചി വാങ്ങാന്‍ എത്തിയവരെന്ന വ്യാജേന പ്രതിയുടെ ഗ്രാമത്തിലെത്തി പ്രതിയെകുറിച്ചും പ്രദേശത്തേകുറിച്ചും മനസ്സിലാക്കിയ ശേഷം തൊട്ടടുത്ത ദിവസം മറ്റൊരു വാഹനത്തില്‍ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
പ്രദേശവാസികള്‍ പിന്തുടര്‍ന്നതിനാല്‍ പ്രതിയെ വേഗത്തിൽ വാഹനത്തില്‍ കയറ്റി 8 കിലോമീറ്റര്‍ ദൂരെയുള്ള ഗിലാമാര പൊലീസ് സ്റ്റേഷനിലെത്തിച്ചു. എന്നാൽ ബന്ധുക്കളും നാട്ടുകാരും സ്റ്റേഷനിലെത്തി ബലാൽക്കാരമായി പ്രതിയെ മോചിപ്പിക്കാൻശ്രമം നടത്തി. ഇതോടെ ഇടവഴികളിലൂടെ 30 കിലോമീറ്റർ അപ്പുറമുള്ള ഭീമജി പൊലീസ് സ്റ്റേഷനിൽ എത്തിച്ചാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. കളമശ്ശേരി എസ്.ഐ സുബൈർ ബി.എയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊച്ചിയിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.