വനിതാ ടി.ടി.ഇയെ കൈയ്യേറ്റം ചെയ്ത കേസ്; അർജുൻ ആയങ്കിക്ക് ജാമ്യം
ഗാന്ധിധാം എക്സ്പ്രസിൽ വച്ച് വനിതാ ടി.ടി.ഇയെ കയ്യേറ്റം ചെയ്തെന്ന കേസിലാണ് അർജുൻ ആയങ്കി അറസ്റ്റിലായത്
വനിതാ ടി.ടി.ഇയെ കൈയ്യേറ്റം ചെയ്തെന്ന കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം. ഉപാധികളോടെയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ജാമ്യം അനുവദിച്ചത്. സ്ഥിരം കുറ്റവാളിയാണ് അർജുൻ ആയങ്കിയെന്ന് ജാമ്യാപേക്ഷയിൽ വാദം കേൾക്കവെ പ്രോസിക്യൂഷൻ അറിയിച്ചു.
ഗാന്ധിധാം എക്സ്പ്രസിൽ വച്ച് വനിത ടി.ടി.ഇയെ കയ്യേറ്റം ചെയ്തെന്ന കേസിലാണ് അർജുൻ ആയങ്കി അറസ്റ്റിലായത്. തൃശൂർ റെയിൽവേ പൊലീസ് ആണ് കേസ് റജിസ്റ്റർ ചെയ്തത്. സെക്കന്‍റ് ക്ലാസ്സ് ടിക്കറ്റുമായി സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്‍തത് ചോദ്യം ചെയ്ത വനിതാ ടി.ടി.ഇയെ അര്‍ജുന്‍ ആയങ്കി അസഭ്യം പറയുകയും, പിടിച്ചു തള്ളുകയും ചെയ്തുവെന്നായിരുന്നു കേസ്.
ജനുവരി 15ന് രാത്രി ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസില്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. ജനറൽ ടിക്കറ്റുമായി സ്ലീപ്പർ ക്ലാസിൽ അർജുൻ ആയങ്കി യാത്ര ചെയ്തത് ടി.ടി.ഇ ചോദ്യം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതനായി ടി.ടി.ഇയെ അസഭ്യം പറഞ്ഞ അര്‍ജുന്‍ ആയങ്കി ശേഷം കയ്യേറ്റം ചെയ്തുവെന്നാണ് പരാതിയിലുള്ളത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അർജുൻ ആയങ്കിക്കെതിരെ അന്ന് പൊലീസ് കേസ് എടുത്തത്. കണ്ണൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി അർജുൻ ആയങ്കിക്കെതിരെ ഒട്ടേറെ കേസുകളുണ്ട്. ഏറെ കരിപ്പൂർ സ്വർണക്കടത്ത് കേസിലും ഇയാൾ പ്രതിയാണ്.