സംസ്ഥാനത്തിന് 20,000 ലിറ്റര്‍ അധിക മണ്ണെണ്ണ അനുവദിച്ച് കേന്ദ്രം
സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഡൽഹിയിൽ എത്തി കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആണ് സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചത്
ഡല്‍ഹി: കേരളത്തിന് അധിക മണ്ണെണ്ണ അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന് 20,000 കിലോ ലിറ്റർ അധിക മണ്ണെണ്ണ അനുവദിക്കാനാണ് തീരുമാനമായിരിക്കുന്നത്. സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഡൽഹിയിൽ എത്തി കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആണ് സംസ്ഥാനത്തിന്‍റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചത്. മണ്ണെണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്‍റെ നയമെന്നും ഡൽഹി, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മണ്ണെണ്ണയുടെ ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി വരുന്നതായും കേന്ദ്ര പെട്രോളിയം സഹമന്ത്രി രാമേശ്വർ തേലി കേരളത്തെ അറിയിച്ചു.
എണ്ണക്കമ്പനികളുമായി സംസാരിച്ച് കഴിഞ്ഞ വർഷം അനുവദിച്ച മണ്ണെണ്ണയുടെ ഒരു വിഹിതം അഡ്വാൻസായി വിട്ടെടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാനും പെട്രോളിയം മന്ത്രാലയം ഉദ്യോഗസ്ഥരോട് നിർദേശിച്ചിട്ടുണ്ട്.