നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥികളുടെ അടിവസ്ത്രം അഴിപ്പിച്ചത് ശുചീകരണ തൊഴിലാളികൾ: അറസ്റ്റിലായ യുവതിയുടെ പിതാവ്
സംഭവത്തിൽ അറസ്റ്റിലായ 5 പ്രതികളുടേയും ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു
കൊല്ലം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴുപ്പിച്ചത് കോളേജിലെ ശുചീകരണ തൊഴിലാളികളാണെന്ന് കേസിൽ അറസ്റ്റിലായ യുവതിയുടെ അച്ഛൻ ജോബി. ദേഹപരിശോധന മാത്രമാണ് തന്റെ മകൾ നടത്തിയത്. കരുനാഗപ്പള്ളി സ്വദേശിയുടെ നിർദേശപ്രകാരം എട്ടുപേരെ താൻ പരീക്ഷ നടത്തിപ്പിനായി നിയോഗിച്ചതായും യുവതിയുടെ അച്ഛൻ മീഡിയ വണ്ണിനോട് പറഞ്ഞു.
''ഒരു മെറ്റൽ ഡിറ്റക്ടർ നോക്കുന്നതിന് വേണ്ട നിർദേശമാണ് അവർക്ക് നൽകിയിരുന്നത്. പരിശോധിച്ച് ഒരു ശബ്ദം കേട്ടാൽ കുട്ടികളെ മാറ്റിനിർത്തും. സാരി ഉടുത്ത രണ്ട് ആന്റിമാര് വന്ന് അവരെ അങ്ങോട്ട് വിളിച്ചോണ്ട് പോവുകയായിരുന്നു. പരിശോധിക്കുന്നത് പുറത്തും നിന്നും കാണാൻ പറ്റില്ല.''- ജോബി പറഞ്ഞു. വിവാദത്തിൽ കുട്ടികളുടെ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജൻസിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികൾ നേരത്തെ രംഗത്ത് വന്നിരുന്നു. ആയൂർ മാർത്തോമ കോളേജിലെ ജീവനക്കാരാണ് സുരക്ഷാ ഏജൻസിക്കെതിരെ രംഗത്ത് വന്നത്. ഏജൻസിയിലെ ജീവനക്കാരുടെ നിർദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചത്. കുട്ടികളുടെ അടിവസ്ത്രത്തിൽ ലോഹഭാഗങ്ങൾ ഉള്ളതിനാൽ അടിവസ്ത്രം അഴിച്ചു മാറ്റണമെന്ന് ഏജൻസിക്കാർ നിർദേശിച്ചുവെന്നും ഏജൻസിക്കാരുടെ ആവശ്യപ്രകാരം വിദ്യാർത്ഥിനികൾക്ക് വസ്ത്രം മാറാൻ മുറി തുറന്നു കൊടുക്കുക മാത്രമാണ് ചെയ്തതെന്നും ജീവനക്കാർ പറഞ്ഞു. കേസിൽ റിമാന്റിലായ എസ് മറിയാമ്മ, കെ മറിയാമ്മ എന്നിവരുടേതാണ് വെളിപ്പെടുത്തൽ.
സംഭവത്തിൽ അറസ്റ്റിലായ 5 പ്രതികളുടേയും ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. ഭരണഘടനയുടെ 21ആം അനുച്ഛേദത്തിന്റെ ലംഘനമാണ് നടന്നതെന്ന് കോടതി വിലയിരുത്തി. കൂടുതൽ പ്രതികളെ പിടികൂടാനുള്ളതിനാൽ അഞ്ച് പേർക്കും ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.