തിരുവനന്തപുരത്ത് മകളുടെ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം, പേട്ട സ്വദേശി അനീഷ് ജോർജാണ് കൊല്ലപ്പെട്ടത്

Update: 2021-12-29 08:35 GMT
Editor : Lissy P | By : Web Desk
Advertising

മകളെ കാണാനെത്തിയ ആൺ സുഹൃത്തിനെ അച്ഛൻ കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ട ചാലക്കുടി ലൈനിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. പേട്ട സ്വദേശി 19 കാരൻ അനീഷ് ജോർജാണ് കൊല്ലപ്പെട്ടത്. പ്രതി ലാലു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.കള്ളനാണെന്ന് കരുതി കുത്തുകയായിരുന്നെന്നാണ് ലാലുവിന്റെ മൊഴി.

മകളുടെ മുറിയിൽ നിന്ന് ഒരാൾ ഇറങ്ങിപോകുന്നത് കണ്ടപ്പോൾ കള്ളനാണെന്ന് കരുതി തടയാൻ ശ്രമിക്കുകയും അതിനിടെ ഉന്തും തള്ളുമുണ്ടാകുകയും വെട്ടുകത്തികൊണ്ട് കുത്തുകയുമായിരുന്നു എന്നുമാണ് ലാലുവിന്റെ മൊഴി. കുളിമുറിയിൽ വെച്ചാണ് കത്തികൊണ്ട് കുത്തിയത്. സ്റ്റേഷനിലെത്തി നടന്ന സംഭവം വിവരിക്കുകയും തുടർന്ന് പൊലീസ് എത്തിയാണ് വീട്ടിൽ കുത്തേറ്റ് കിടക്കുന്ന അനീഷിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഇയാൾ മരിച്ചിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണ്. പേട്ട സി.ഐക്കാണ് അന്വേഷണ ചുമതല. പ്രാഥമികമായി വ്യക്തിപരമായ കാരണങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന്  പൊലീസ് പറഞ്ഞു. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ട്. മരിച്ച ആളും അടുത്തടുത്ത് താമസിക്കുന്നവരാണ്. പ്രതിക്ക് അനീഷിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. അനീഷ് എങ്ങനെ വീട്ടിൽ എത്തിപ്പെട്ടു എന്നതിനെ കുറിച്ചും അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. പുലര്‍ച്ചെ പൊലീസ് എത്തി അറിയിച്ചപ്പോഴാണ് മകന്‍ വീട്ടില്‍ ഇല്ല എന്ന കാര്യം അനീഷിന്റെ വീട്ടുകാര്‍ അറിയുന്നത്. നാലാഞ്ചിറ ബഥനി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട അനീഷ്. അനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News