ഗവര്‍ണറുടെ ഓഫീസില്‍ ജോലി ചെയ്യുന്നത് 157 സ്ഥിരം ജോലിക്കാര്‍; നൂറിലധികം താൽക്കാലിക ജീവനക്കാരും
ബജറ്റിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച സ്റ്റാഫ് അപെന്‍ഡെക്സിലാണ് ഈ വിവരങ്ങള്‍ ഉള്ളത്
മന്ത്രിമാരുടെ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് വിവാദം ഉയര്‍ത്തുന്ന ഗവര്‍ണറുടെ ഓഫീസില്‍ ജോലി ചെയ്യുന്നത് 157 സ്ഥിരം ജോലിക്കാര്‍. നൂറിലധികം താൽക്കാലിക ജീവനക്കാരും ഗവർണറുടെ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. ബജറ്റിനായി സര്‍ക്കാര്‍ സമര്‍പ്പിച്ച സ്റ്റാഫ് അപെന്‍ഡെക്സിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം കത്തി നില്‍ക്കെയാണ് രാജ്ഭവനിലെ ജീവനക്കാരുടെ എണ്ണം സര്‍ക്കാര്‍ സഭയെ അറിച്ചത്. തുണി അലക്കുന്നവര്‍, ആശാരിമാര്‍ അടക്കം ഗവര്‍ണറിന്‍റെ സ്ഥിരം ജോലിക്കാരുടെ എണ്ണത്തില്‍പ്പെടുന്നു. ഗവര്‍ണറിന്‍റെ സെക്രട്ടറി തസ്തികയിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥനാണ് ഉയര്‍ന്ന പദവി വഹിക്കുന്നത്. രണ്ട് അണ്ടര്‍ സെക്രട്ടറിമാര്‍, പ്രൈവറ്റ് സെക്രട്ടറി, പി.ആര്‍.ഒ, അഡീഷണല്‍ സെക്രട്ടറി എന്നിവരും ഗവര്‍ണറിന്‍റെ ജോലിക്കാരില്‍ ഉള്‍പ്പെടുന്നു. ഒരു ലക്ഷത്തിലേറെയാണ് ഇവരുടെ ശമ്പളം. 157 സ്ഥിരം ജോലിക്കാര്‍ ഗവര്‍ണറിന്‍റെ സ്റ്റാഫിലുണ്ട്.
ഇതുകൂടാതെ നൂറിലേറെ താല്‍ക്കാലിക ജീവനക്കാരും. ഇവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 10.83 കോടിയാണ് രാജ്ഭവനുവേണ്ടി ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. ഇതില്‍ എട്ട് കോടിയോളം രൂപ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനാണ്.