അധ്യയനം ആറുദിവസം; സ്കൂള്‍ തുറക്കാനുള്ള മാര്‍ഗരേഖ പുറത്തിറക്കി

പൊതു നിര്‍ദേശങ്ങളടക്കം എട്ട് ഭാഗങ്ങളുള്ള മാര്‍ഗ രേഖയാണ് നിലവില്‍ വരിക. ആറ് വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗ രേഖ നടപ്പിലാക്കും.

Update: 2021-10-08 13:16 GMT
Editor : abs | By : Web Desk
Advertising

സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ 'തിരികെ സ്‌കൂളിലേക്ക്' പുറത്തിറക്കി. പൊതു നിര്‍ദേശങ്ങളടക്കം എട്ട് ഭാഗങ്ങളുള്ള മാര്‍ഗരേഖയാണ് നിലവില്‍ വരിക. ആറ് വകുപ്പുകള്‍ ചേര്‍ന്ന് മാര്‍ഗരേഖ നടപ്പിലാക്കും. വിദ്യാഭ്യാസ, ആരോഗ്യ, തദ്ദേശ വകുപ്പുകള്‍ക്കാവും പ്രധാന ചുമതല. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ആരോഗ്യ മന്ത്രി വീണ ജോര്‍ജും ചേര്‍ന്നാണ് മാര്‍ഗരേഖ പുറത്തിറക്കിയത്.

പൊതു അവധി ഒഴികെയുളള ശനിയാഴ്ചകളും ഉള്‍പ്പടെ ആഴ്ചയില്‍ ആറ് ദിവസവും ക്ലാസ് ഉണ്ടാകും. രണ്ടാഴ്ച ഉച്ചവരെ മാത്രമാണ് ക്ലാസ്. യൂണിഫോം, അസംബ്ലി നിര്‍ബന്ധമാക്കില്ല. കുട്ടികൾക്ക് സ്കൂളിൽ വരാൻ രക്ഷാകർത്താക്കളുടെ സമ്മതം വേണം. സ്‌കൂളുകള്‍ ശുചീകരിക്കല്‍ പ്രധാന ദൗത്യമായി ഏറ്റെടുത്ത് പൊതുജനങ്ങളുടെ സഹകരണത്തോടെ ശുചീകരണം പൂര്‍ത്തിയാക്കും. കെഎസ്ആര്‍ടിസി ബോണ്ട് അടിസ്ഥാനത്തില്‍ ബസ്സുകള്‍ ഓടിക്കും. യാത്ര സൗജന്യമാക്കാൻ സ്വകാര്യ ബസ് ഉടമകളുമായി ചർച്ച ചെയ്യും. ഓട്ടോറിക്ഷയില്‍ മൂന്നു കുട്ടികളില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍പാടില്ലെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാവുന്നതാണ്. ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം (വിദ്യാർത്ഥികൾ അധികമുള്ള സ്‌കൂളുകളിൽ രണ്ട് ദിവസം) സ്‌കൂളിൽ വരാനുള്ള അവസരം ഒരുക്കണം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും സ്‌കൂളിലെത്തേണ്ടത്. ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർത്ഥി സ്ഥിരമായി അതേ ബാച്ചിൽ തന്നെ തുടരേണ്ടതാണ്. ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണ്. ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചിൽ പെടുത്തുന്നതാണ് ഉചിതം. സ്‌കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുളള ഡിജിറ്റൽ പഠനരീതി തുടരാവുന്നതാണ്.

ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല. കാഴ്ച/ശ്രവണ പരിമിതിയുള്ള കുട്ടികൾ മാത്രമുള്ള സ്‌പെഷ്യൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ഹോസ്റ്റലുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള പ്രത്യേക മാർഗനിർദ്ദേശം പിന്നീട് പുറപ്പെടുവിക്കും. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്‌കൂളിൽ ഹാജരാകേണ്ടതില്ല. സ്‌കൂൾ തുറക്കുന്നതിന് മുൻപുതന്നെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ, സ്‌കൂൾബസ് ഡ്രൈവർമാർ, മറ്റ് താത്ക്കാലിക ജീവനക്കാർ എന്നിവർ രണ്ടു ഡോസ് വാക്‌സിൻ എടുത്തിരിക്കണം. 

ഉച്ചഭക്ഷണത്തിന്റ കാര്യം സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. ഡിജിറ്റൽ ക്ലാസുകളിലെ സമയങ്ങളില്‍ മാറ്റം വരുത്തും.  രോഗലക്ഷണമുള്ളവർ സ്കൂളിൽ വരരുതെന്നും നിര്‍ദേശമുണ്ട്. എല്ലാ സ്കൂളിലും ഡോക്ടറുടെ സേവനം ഉറപ്പു വരുത്തണം. രോഗലക്ഷണങ്ങളുള്ള ഏതെങ്കിലും കുട്ടികൾ കൊവിഡ് പോസിറ്റീവ് ആണെങ്കിൽ ആ കുട്ടികളുൾപ്പെടുന്ന ബയോബബിളിലെ മറ്റു കുട്ടികളെയും മാറ്റി നിർത്തി ഇക്കാര്യം പ്രാദേശിക ആരോഗ്യവകുപ്പ് അധികാരികളെ അറിയിക്കണം. ആരോഗ്യ സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ച് സ്‌കൂൾ തുറക്കുന്നതിനു മുമ്പു തന്നെ അദ്ധ്യാപകർ, ഇതര ജീവനക്കാർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആവശ്യമായ ബോധവത്കരണപ്രവർത്തനങ്ങൾ നടത്തേണ്ടതാണ്. സ്‌കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ച് ആഴ്ചയില്‍ ഒരിക്കല്‍ മീറ്റിങ് ചേരണം. കുട്ടികള്‍ കൂട്ടം കൂടുന്നില്ലെന്നും മാസ്ക് ധരിച്ചിട്ടുണ്ടെന്നും അധ്യാപകര്‍ നിരീക്ഷിക്കണമെന്നും  മാര്‍ഗരേഖയില്‍ പറയുന്നു. എല്ലാ സ്കൂളുകളും തുറക്കണം. സ്കൂളുകൾ തുറക്കാത്തത് ശ്രദ്ധയിൽ വന്നാൽ പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News