കത്ത് വിവാദത്തിൽ ഇന്നും പ്രതിഷേധം; ഗേറ്റ് ഉപരോധിച്ച യുവമോർച്ചക്കാരും കോർപ്പറേഷൻ ജീവനക്കാരും തമ്മിൽ കയ്യാങ്കളി
മേയർ രാജിവച്ച ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ധർണ ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല പറഞ്ഞു
തിരുവനന്തപുരം: കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഇന്നും പ്രതിഷേധം. ഗേറ്റ് ഉപരോധിച്ച യുവമോർച്ചക്കാരും കോർപ്പറേഷൻ ജീവനക്കാരും തമ്മിൽ കയ്യാങ്കളി നടന്നു. മേയർ രാജിവച്ച ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ധർണ ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല പറഞ്ഞു.
രാവിലെ മുതൽ കോർപ്പറേഷനിലെ രണ്ട് കവാടവും യുവ മോർച്ച ഉപരോധിച്ചു. മൂന്നാമത്തെ ഗേറ്റും ഉപരോധിക്കാനെത്തിയതോടെ ജീവനക്കാരുമായി തർക്കമായി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷമാണ് ജീവനക്കാർ അകത്ത് പ്രവേശിച്ചത്. നിയമന കത്തിലെ യഥാർത്ഥ പ്രതികളായ മേയറെയും ആനാവൂർ നാഗപ്പനെയും ക്രൈംബ്രാഞ്ച് സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബി.ജെ.പി പ്രതിഷേധ മാർച്ചും ധർണയും നടത്തി. നിയമന കത്ത് കേസിൽ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ മൊഴി ഉടൻ രേഖപ്പെടുത്തും. മേയർ ആര്യാ രാജേന്ദ്രന്‍റെ മൊഴി ഇന്നലെ എടുത്തിരുന്നു.