കത്ത് വിവാദം; ക്രൈംബ്രാഞ്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഇന്ന് റിപ്പോർട്ട് കൈമാറും
മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കത്ത് വിവാദത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. ആനാവൂരിന്‍റെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ക്രൈംബ്രാഞ്ച് സംഘം റിപ്പോര്‍ട്ട് നല്‍കും. മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ഇന്നും തുടരും.
വിവാദമായ കത്ത് വ്യാജമാണെന്ന നിലപാട് നഗരസഭയും സി.പി.എമ്മും ആവര്‍ത്തിക്കുന്നതിനിടെയാണ് ജില്ലാ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തുന്നത്. കത്ത് ലഭിച്ചിട്ടില്ലെന്ന നിലപാട് ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പിലും ആനാവൂര്‍ ആവര്‍ത്തിക്കും. കത്ത് വ്യാജമാണെന്ന മൊഴിയാണ് മേയര്‍ ആര്യാ രാജേന്ദ്രനും ജീവനക്കാരും നല്‍കിയത്. ഇതോടെ വ്യാജ കത്ത് തയ്യാറാക്കിയതില്‍ കേസെടുത്ത് അന്വേഷണം വേണമെന്ന റിപ്പോര്‍ട്ട് തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസ് പി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. സംഭവത്തില്‍ കേസെടുത്തില്ലേയെന്ന് ഇന്നലെ ഹൈക്കോടതി ചോദിച്ച പശ്ചാത്തലത്തില്‍ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് സൂചന.
ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ നേരിട്ട് ഹാജരായി കാര്യങ്ങള്‍ വ്യക്തമാക്കുമെന്ന് മേയറുടെ ഓഫീസ് വ്യക്തമാക്കി. മേയര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫിന്‍റെയും ബി.ജെ.പിയുടെയും സമരം ഏഴാം ദിവസവും തുടരും. മേയറെ തടയുമെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. നഗരസഭയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ പ്രചാരണം നടത്താനാണ് എല്‍.ഡി.എഫിന്‍റെ തീരുമാനം.