താലി കെട്ടിയില്ല, മോതിരം മാറിയില്ല; പൊന്നിന്‍റെ തിളക്കമില്ലാതെ അവര്‍ വിവാഹിതരായി

വ്യാഴാഴ്ച കൈവേലിയിൽ വച്ചായിരുന്നു അഖിലേഷിന്‍റെയും അർച്ചനയുടെയും വിവാഹം

Update: 2021-07-16 07:50 GMT
Editor : Jaisy Thomas | By : Web Desk
Advertising

വിവാഹമെന്ന് പറയുമ്പോള്‍ തന്നെ പൊന്നില്‍ പൊതിഞ്ഞ പെണ്ണിനെയാണ് പലര്‍ക്കും ഓര്‍മ വരിക. നമ്മള്‍ കാലങ്ങളായി കാണുന്ന കാഴ്ചയും അതാണ്. സ്വര്‍ണമില്ലാത്ത ഒരു കല്യാണത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഭൂരിഭാഗം മലയാളികള്‍ക്കും സാധിക്കില്ല. ഇത്തരം പരമ്പരാഗത സങ്കല്‍പങ്ങളെ മാറ്റിമറിച്ചിരിക്കുകയാണ് കോഴിക്കോടുകാരായ അഖിലേഷും അര്‍ച്ചനയും. കാരണം പൊന്നിനെ പടിക്ക് പുറത്താക്കിയായിരുന്നു ഇവരുടെ വിവാഹം.

വ്യാഴാഴ്ച കൈവേലിയിൽ വച്ചായിരുന്നു അഖിലേഷിന്‍റെയും അർച്ചനയുടെയും വിവാഹം. മടപ്പള്ളി പുളിയേരീന്‍റവിട സുരേഷ്ബാബുവിന്‍റെയും (കമല ഫ്ളവേഴ്‌സ്, വടകര) ജയശ്രീയുടെയും മകനാണ് അഖിലേഷ്. അർച്ചന കൈവേലി ചെറുവത്ത് അശോകന്റെയും ശോഭയുടെയും മകൾ.

കല്യാണത്തിന് സ്വര്‍ണമൊന്നും വേണ്ടെന്ന് ഇരുവരും ഒരുമിച്ച് തീരുമാനമെടുക്കുകയായിരുന്നു. താലിമാലയോ വിവാഹ മോതിരമോ വേണ്ടെന്നും തീരുമാനിച്ചു. തുടക്കത്തില്‍ കുറച്ച് എതിര്‍പ്പുകളുണ്ടായെങ്കിലും ഒടുവില്‍ ഇരുവീട്ടുകാരും മക്കളുടെ ഇഷ്ടത്തിന് വിടുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

15-ഓളം പേർ മാത്രമാണ് വധുവിന്‍റെ വീട്ടിലെത്തിയത്. പരസ്പരം മാല ചാര്‍ത്തി ബൊക്കെയും കൈമാറി..തീര്‍ന്നു കല്യാണ ചടങ്ങുകള്‍. ഏപ്രിൽ 25-നായിരുന്നു ഇവരുടെ കല്യാണം തീരുമാനിച്ചത്. കോവിഡ് നിയന്ത്രണവും മറ്റും വന്നപ്പോൾ വിവാഹം നീണ്ടുപോവുകയായിരുന്നു. ബി.ടെക്. ബിരുദ ധാരിയും സിവിൽ എൻജിനിയറുമാണ് അഖിലേഷ്. അർച്ചന എം. ടെക്‌.കാരിയാണ്.

ചിത്രത്തിന് കടപ്പാട്: മാതൃഭൂമി

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News