തോമസ് ഐസക് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല

ഇ.ഡി നീക്കത്തിനെതിരെ തോമസ് ഐസക്കും അഞ്ച് എംഎൽഎമാരും നൽകിയ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Update: 2022-08-11 01:41 GMT
Advertising

കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ഇ.ഡി നോട്ടീസിന് ഐസക് രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ഇ.ഡി നീക്കത്തിനെതിരെ തോമസ് ഐസക്കും അഞ്ച് എംഎൽഎമാരും നൽകിയ ഹരജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ചോദ്യംചെയ്യലിനായി ആദ്യം നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് ഇ.ഡി വീണ്ടും തോമസ് ഐസകിന് നോട്ടീസ് നല്‍കിയത്. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ച് ഐസക് രേഖാമൂലം മറുപടി നല്‍കി. താന്‍ ചെയ്ത കുറ്റം എന്താണെന്നാണ് ഇ.ഡിക്ക് ഇ മെയില്‍ മുഖേന നല്‍കിയ മറുപടിയിലെ പ്രധാന ചോദ്യം. ഇ.ഡി ആവശ്യപ്പെടുന്ന കിഫ്ബി രേഖകളുടെ ഉടമസ്ഥന്‍ താനല്ല. തന്‍റെ സമ്പാദ്യം പൊതുസമൂഹത്തിന് മുന്നിലുള്ളതാണെന്നും ഇ.ഡിക്കുള്ള മറുപടിയില്‍ ഐസക് വ്യക്തമാക്കുന്നുണ്ട്..

എന്നാൽ കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്‍റെ ലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ നിലപാട്. ഇ.ഡി തനിക്കു നൽകിയ സമൻസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കിഫ് ബിയോ താനോ ചെയ്ത നിയമലംഘനം എന്താണെന്ന് സമൻസിൽ വ്യക്തമാക്കിയിട്ടില്ലെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

സമൻസുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് ഇ.ഡിയെ തടയണമെന്നാണ് ഹരജിയിലെ ആവശ്യം. കിഫ് ബിക്കെതിരെയുള്ള ഇ.ഡി നീക്കത്തെ നിയമപരമായി പ്രതിരോധിക്കാനാണ് സിപിഎം ശ്രമം. ഇതിന്റെ ഭാഗമായാണ് കെ കെ ശൈലജ, ഐ ബി സതീഷ്, എം മുകേഷ്, ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നീ എംഎല്‍എമാര്‍ പൊതു താൽപര്യ ഹരജി നൽകിയത്.

73,000 കോടി രൂപയുടെ പദ്ധതിയായ കിഫ്ബിയെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇ.ഡി ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. രണ്ട് ഹരജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News