'യുദ്ധഭൂമിയിലേക്ക് ഏതുനിമിഷവും പോകേണ്ടി വരും'; റഷ്യയിൽ അകപ്പെട്ട മലയാളി യുവാക്കൾ
തയ്യാറായിരിക്കാൻ നിർദേശം ലഭിച്ചെന്നും ആയുധങ്ങൾ നൽകിയെന്നും ബിനില്‍ ബാബുവും ജെയിന്‍ കുര്യനും പറഞ്ഞു
തൃശൂര്‍: യുദ്ധഭൂമിയിലേക്ക് ഏതുനിമിഷവും പോകേണ്ടി വരുമെന്ന് റഷ്യയിൽ അകപ്പെട്ട മലയാളി യുവാക്കൾ . തയ്യാറായിരിക്കാൻ നിർദേശം ലഭിച്ചെന്നും ആയുധങ്ങൾ നൽകിയെന്നും ബിനില്‍ ബാബുവും ജെയിന്‍ കുര്യനും പറഞ്ഞു. സംഘത്തിലുള്ള നാലുപേർ ഇന്നലെ പോയെന്നും വീട്ടുകാരെ വിവരം അറിയിച്ചു . ഇരുവരും വീട്ടുകാർക്ക് അയച്ച സന്ദേശം മീഡിയവണിന് ലഭിച്ചു.
''പോവാന്‍ വേണ്ടി റെഡിയാവാന്‍ പറഞ്ഞിട്ടുണ്ട്. ബാഗൊക്കെ ഒരുക്കാന്‍ പറഞ്ഞു. നാല് പേര് പോയി. ഇപ്പോള്‍ ഞങ്ങള്‍ ഫുഡ് എടുക്കാന്‍ വേണ്ടി താഴത്തേക്ക് വന്നിരിക്കുകയാണ്. പാഴ്സല് വരുന്ന സ്ഥലത്താണ്.അവിടെ വൈഫൈയുണ്ട്. വെടിവെപ്പ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പറയുന്ന കേട്ടു. തോക്കും ഗ്രനേഡും എല്ലാം സാധനങ്ങളും തന്നിട്ടുണ്ട്'' ബിനില്‍ പറയുന്നു. ''ഒരാള് പോലും ഇല്ലാത്ത സ്ഥലത്തേക്കാണ് പോകേണ്ടത്...അത്ര പൊട്ടല് അവിടെ പൊട്ടിയിട്ടുണ്ട്. ചെന്ന് കഴിഞ്ഞാല്‍ തീരുമാനമാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.പോയിക്കഴിഞ്ഞാല്‍ തിരിച്ചുവരില്ലെന്നാണ് അവിടെയുള്ള റഷ്യക്കാര് പറയുന്നത്'' ജെയിന്‍ പറയുന്നു.
ഒരു കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത്. എന്നാല്‍ മലയാളി ഏജന്‍റ് കബളിപ്പിച്ചതിനെ തുടർന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്‍റെ കൂട്ടത്തില്‍പെടുകയായിരുന്നു.