റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികളുടെ മോചനത്തിന് വഴിയൊരുങ്ങുന്നു
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഇടപെടൽ
തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ സ്വദേശികളുടെ മോചനത്തിൽ ഓർത്തഡോക്സ് സഭാധ്യക്ഷൻ്റെ ഇടപെടൽ ഫലം കാണുന്നു. ജെയിന്‍ കുര്യന്‍റെയും ബിനില്‍ ബാബുവിന്‍റെയും വിവരങ്ങൾ കാതോലിക്കാ ബാവയോട് റഷ്യൻ എംബസി തേടി. എംബസി അധികൃതർ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി ബന്ധപ്പെട്ടു.മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഇടപെടൽ. പാസ്പോർട്ട് വിശദാംശങ്ങളും രേഖകളും വീട്ടുകാരിൽ നിന്നും ബാവ ശേഖരിച്ചു. റഷ്യൻ സർക്കാരിൻ്റെ ഓർഡർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി ഏറ്റുവാങ്ങിയ ചടങ്ങിൽ കാതോലിക്കാ ബാവ റഷ്യൻ അംബാസിഡറോട് സഹായം അഭ്യർഥിച്ചിരുന്നു.
ഒരു കുടുംബ സുഹൃത്ത് വഴി കഴിഞ്ഞ ഏപ്രിലിലാണ് ഇരുവരും റഷ്യയിലെത്തിയത്. ഇലക്ട്രീഷ്യൻ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ റഷ്യയിൽ എത്തിച്ചത്. എന്നാല്‍ മലയാളി ഏജന്‍റ് കബളിപ്പിച്ചതിനെ തുടർന്ന് ജെയിനും ബിനിലും കൂലിപ്പട്ടാളത്തിന്‍റെ കൂട്ടത്തില്‍പെടുകയായിരുന്നു.
ഇന്ത്യൻ എംബസി വഴി ഇരുവരെയും റിലീസ് ചെയ്യാനുള്ള ഉത്തരവ് കമാൻഡർക്ക് നൽകിയെങ്കിലും ഓര്‍ഡർ മടക്കി അയക്കുകയാണ് ഉണ്ടായത്. നിലവിൽ ഇരുവരും ഉള്ളത് റഷ്യൻ അധിനിവേശ യുക്രൈനിലാണ്. യുദ്ധഭൂമിയിലേക്ക് ഏതുനിമിഷവും പോകേണ്ടി വരുമെന്ന് ഇരുവരും കഴിഞ്ഞ ദിവസം കുടുംബത്തെ അറിയിച്ചിരുന്നു. തയ്യാറായിരിക്കാൻ നിർദേശം ലഭിച്ചെന്നും ആയുധങ്ങൾ നൽകിയെന്നും വ്യക്തമാക്കിയിരുന്നു.