പാലിയേക്കര ടോള്‍ പ്ലാസയിലെ അശ്രദ്ധമായ റിവേഴ്‌സ്; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു
പിന്നിലുണ്ടായിരുന്ന കാറിനെ മീറ്ററുകളോളം റിവേഴ്സില്‍ വലിച്ചുകൊണ്ടുപോകുകയായിരുന്നു. കാര്‍ ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ടുമാത്രമാണ് വലിയ അപകടം ഒഴിവായത്
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ അശ്രദ്ധമായി റിവേഴ്‌സ് എടുത്ത് അപകടമുണ്ടാക്കിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ നടപടി. ടിപ്പര്‍ ലോറി ഡ്രൈവര്‍ ആന്റണി തോമസിന്റെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. മറ്റു റോഡ് ഉപഭോക്താക്കാളുടെ സുരക്ഷ ഉറപ്പാക്കാതെ വാഹനം പിറകോട്ട് ഓടിച്ചതിനാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒയുടെ നടപടി.
കഴിഞ്ഞ ദിവസമാണു കേസിനാസ്പദമായ സംഭവം നടന്നത്. പാലിയേക്കര ടോള്‍ ഗേറ്റില്‍ ടിപ്പര്‍ ലോറി അശ്രദ്ധമായി പിന്നിലേക്ക് എടുത്ത് അപകടമുണ്ടാക്കുകയായിരുന്നു. പിന്നിലുണ്ടായിരുന്ന കാറിനെ മീറ്ററുകളോളം റിവേഴ്സില്‍ വലിച്ചുകൊണ്ടുപോകുകയായിരുന്നു. കാര്‍ ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ടുമാത്രമാണ് വലിയ അപകടം ഒഴിവായത്.
ലോറിയുടെ ഫാസ്റ്റ് ടാഗില്‍ വേണ്ട ബാലന്‍സുണ്ടായിരുന്നില്ല. ടോളില്‍ വരിനില്‍ക്കുന്ന മറ്റു വാഹനങ്ങള്‍ക്കായി മാറിക്കൊടുക്കാനെന്ന പേരില്‍ വാഹനം അലക്ഷ്യമായി പിന്നോട്ടെടുക്കുകയായിരുന്നു.
Summary: Tipper lorry driver's license suspended for three months for causing an accident by reversing carelessly at the Paliyekkara toll plaza.