തദ്ദേശ വകുപ്പിൽ ഓണ്‍ലൈൻ സംവിധാനം അട്ടിമറിച്ച് സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും

ബാഹ്യ ഇടപെടലുകൾ ഒഴിവാക്കാൻ കൊണ്ടുവന്ന സോഫ്റ്റ്‌വെയർ സംവിധാനമാണ് അട്ടിമറിക്കുന്നത്

Update: 2024-03-08 03:23 GMT
Advertising

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റങ്ങൾ അട്ടിമറിക്കപ്പെടുന്നു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിലും സ്ഥാനക്കയറ്റത്തിലും ബാഹ്യ ഇടപെടലുകൾ ഒഴിവാക്കുവാൻ കൊണ്ടുവന്ന ഓൺലൈൻ സോഫ്റ്റ്‌വെയർ സംവിധാനമാണ് അട്ടിമറിക്കുന്നത്. സോഫ്റ്റ്‌വെയർ പ്രകാരമുള്ള മുൻഗണന ക്രമങ്ങൾ തെറ്റിച്ച് സ്ഥലംമാറ്റങ്ങളടക്കം നടക്കുന്നത് പ്രാദേശിക ജനപ്രതിനിധികളുടെ സ്വാധീനത്താലാണെന്നാണ് ആരോപണം.

സ്ഥലംമാറ്റങ്ങളിൽ ഉണ്ടാകുന്ന സ്വജനപക്ഷപാതവും അഴിമതിയും അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് ഓൺലൈൻ സ്ഥലംമാറ്റം സർക്കാർ നടപ്പിലാക്കിയത്. ശമ്പള വിതരണത്തിനായുള്ള സ്പാർക്കിന് സമാനമായി സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും മാനദണ്ഡങ്ങൾ പരിശോധിച്ച് സോഫ്റ്റ്‌വെയർ നിശ്ചയിക്കുന്നതായിരുന്നു രീതി. എന്നാൽ ഏകീകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പിൽ ഓൺലൈൻ സ്ഥലംമാറ്റം നടപ്പിലാക്കിയിരുന്നില്ല. പിന്നീട് ജീവനക്കാരുടെ സംഘടനകൾ കോടതിയെ സമീപിച്ചതോടെയാണ് വകുപ്പിൽ സ്ഥലംമാറ്റത്തിന് ഓൺലൈൻ സോഫ്റ്റ്‌വെയർ കൊണ്ടുവരുന്നത്. ഈ സംവിധാനമാണ് ഇപ്പോൾ അട്ടിമറിക്കുന്നത്.

സോഫ്റ്റ്‌വെയർ നിശ്ചയിക്കുന്ന സ്ഥലംമാറ്റങ്ങളെ മറികടക്കാൻ മാന്വലായി ഉത്തരവിറക്കുകയാണ് ചെയ്യുന്നത്. സോഫ്റ്റ്‌വെയർ പ്രകാരം സ്ഥാനക്കയറ്റത്തിന് മുൻഗണന പട്ടികയിൽ ഉള്ളവർ ഇതുവഴി തഴയപ്പെടുന്നു. ഡയറക്ടറേറ്റിലേക്കുള്ള നിയമനങ്ങളിൽ അടക്കം സോഫ്റ്റ്‌വെയർ മുൻഗണന പട്ടിക അവഗണിക്കുകയാണ് പതിവ്. പ്രാദേശിക ജനപ്രതിനിധികളുടെ സ്വാധീനത്തിനു വഴങ്ങി ചട്ടങ്ങളെ മറികടക്കുന്ന സ്ഥലംമാറ്റങ്ങൾ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കുന്നതായി ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News