'ട്വന്‍റി 20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് ജാതീയമായി അധിക്ഷേപിച്ചു'; പി.വി ശ്രീനിജന്‍ എം.എൽ.എ
ട്വന്റി 20 സമ്മേളനത്തിൽ പ്രസംഗിക്കവെ തന്നെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചെന്നാണ് പി.വി ശ്രീനിജന്റെ പരാതി
കൊച്ചി: ട്വന്റി20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി. പി.വി ശ്രീനിജൻ എം.എൽ.എയാണ് പുത്തൻകുരിശ് ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്. പട്ടിക ജാതി പീഡന നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. ട്വന്റി 20 സമ്മേളനത്തിൽ പ്രസംഗിക്കവെ തന്നെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചെന്നാണ് പി.വി ശ്രീനിജന്റെ പരാതി. കഴിഞ്ഞ ഞായറാഴ്ച്ച കോലഞ്ചേരിയിൽ ട്വന്റി 20 ഒരു മഹാസമ്മേളനം സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ സാബു എം ജേക്കബ് തന്നെ ജാതീയമായി അധിക്ഷേപിച്ച് സംസാരിച്ചതായാണ് പി.വി ശ്രീനിജൻ എം.എൽ.എ പരാതിയിൽ പറയുന്നത്.
പരാമർശത്തിൽ എം.എൽ.എയുടെ പേര് പറയാതെയാണ് അധിക്ഷേപിച്ചത്. 'കുന്നത്ത് നാട്ടിലെ ജനങ്ങൾക്ക് ഒരു അബദ്ധം പറ്റി. മനുഷ്യനും മൃഗവുമല്ലാത്ത ഒരു ജന്തുവിന് ജന്മം നൽകി. ആ ജന്തു പൗഡറിട്ട് ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലേക്ക് എത്തും. ശേഷം എവിടെയെങ്കിലും മീറ്റിംഗ് ഉണ്ടോയെന്ന് നോക്കി നടക്കും'. ഇങ്ങനെയായിരിന്നു സാബു എം. ജേക്കബിന്റെ പരാമർശം. ഇതിനെതിരെ വലിയ തോതിൽ വിമർശനമുയരുകയും സി.പി.എം പ്രവർത്തക ഡി.വൈ.എസ്.പിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എ പുത്തൻകുരിശ് ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്.