തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പ്; യുഡിഎഫിന് ജയം
മത്സരം നടന്ന 12 സീറ്റും നേടിയാണ് യുഡിഎഫ് വിജയിച്ചത്. മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെയാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്.
തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് ജയം. മത്സരം നടന്ന 12 സീറ്റും നേടിയാണ് യുഡിഎഫ് വിജയിച്ചത്. മമ്പറം ദിവാകരന്റെ നേതൃത്വത്തിലുള്ള പാനലിനെയാണ് യുഡിഎഫ് പരാജയപ്പെടുത്തിയത്. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് മമ്പറം ദിവാകരനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തിരുന്നു.
ദീർഘകാലമായി സഹകരണ ആശുപത്രിയുടെ പ്രസിഡണ്ടായണ് ജില്ലയിലെ മുതിർന്ന നേതാവു കൂടിയായിരുന്ന മമ്പറം ദിവാകരൻ. ദിവാകരനും ഡി.സി.സി. നേതൃത്വവും തമ്മിലുള്ള അകൽച്ചയെ തുടർന്നാണ് ഭരണസമിതിയിലേക്ക് വോട്ടെടുപ്പ് വേണ്ടിവന്നത്. പാർട്ടി നിർദേശിച്ച വ്യക്തികളെ പാനലിൽ ഉൾപ്പെടുത്താതിരുന്നതിനെത്തുടർന്ന് മമ്പറം ദിവാകരനെ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ പുറത്താക്കിയതോടെ മത്സരം രാഷ്ട്രീയ കേരളം ശ്രദ്ധിച്ചു. മൂന്നു പതിറ്റാണ്ടു നീണ്ട ഭരണത്തിന് ശേഷമാണ് മമ്പറം ദിവാകരൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.
കോൺഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരേ മറ്റൊരു പാനൽ എന്ന പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിലാണ് മമ്പറത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടിയിൽ പതിറ്റാണ്ടുകളായി സുധാകരനോട് അകൽച്ച സൂക്ഷിക്കുന്ന നേതാവാണ് ദിവാകരൻ. കെ.സുധാകരനടക്കമുള്ള മുതിർന്ന നേതാക്കൾ തലശ്ശേരിയിൽ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.