താഴേ തട്ടില്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ യുഡിഎഫ്; ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുക്കും
തെരഞ്ഞെടുപ്പ് പരാജയം മറികടക്കാന്‍ താഴേ തട്ടില്‍ കൂടുതല്‍ ഐക്യം സൃഷ്ടിക്കണമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍
സംഘടനാ സംവിധാനം താഴേ തട്ട് മുതൽ ശക്തമാക്കാൻ നടപടികൾ തുടർന്ന് യുഡിഎഫ്. ഇതിനായി പഞ്ചായത്ത് തലത്തില്‍ കമ്മറ്റികള്‍ രൂപീകരിക്കും. മണ്ഡലതലം മുതല്‍ സംസ്ഥാന തലം വരെ കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
തെരഞ്ഞെടുപ്പ് പരാജയം മറികടക്കാന്‍ താഴെ തട്ടില്‍ കൂടുതല്‍ ഐക്യം സൃഷ്ടിക്കണമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് പഞ്ചായത്ത് തലത്തില്‍ യോഗങ്ങള്‍ പോലും ചേരുക. ഇതിനു പകരമായി സ്ഥിരമായ സംവിധാനമായി താഴെ തട്ടിലുള്ള കമ്മറ്റികളെ മാറ്റാനാണ് ശ്രമം. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരുടേയും കണ്‍വീനര്‍മാരുടേയും യോഗത്തില്‍ പഞ്ചായത്ത് തല കമ്മറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു.
അടുത്ത ആഴ്ച മുതല്‍ മണ്ഡലം തലത്തിലെ യുഡിഎഫ് കണ്‍വെന്‍ഷനുകള്‍ ആരംഭിക്കും. നവംബര്‍ 15 മുതല്‍ 22 വരെ ജില്ലാ തലത്തില്‍ നേതൃ സംഗമങ്ങള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 1 മുതല്‍ 30 വരെ പഞ്ചായത്ത് തല സമ്മേളനങ്ങളും ജനുവരിയില്‍ സംസ്ഥാന തല കണ്‍വെന്‍ഷനും നടത്തും. മണ്ഡലം തലത്തില്‍ തെരഞ്ഞെടുപ്പ് പരാജയം യുഡിഎഫ് പഠിക്കാനും ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് സമരങ്ങള്‍ തുടങ്ങാനും തീരുമാനിച്ചു.