പോപ്പുലർ ഫ്രണ്ടിന്‍റേത് അനാവശ്യ ഹർത്താൽ: സർക്കാർ കർശന നടപടി സ്വീകരിക്കണം: കെ.സുരേന്ദ്രൻ

പോപുലർ ഫ്രണ്ട് മുൻകാലങ്ങളിൽ നടത്തിയ ഹർത്താലുകളെല്ലാം കലാപത്തിലാണ് കലാശിച്ചതെന്ന് കെ സുരേന്ദ്രന്‍

Update: 2022-09-22 11:13 GMT
Editor : ijas
Advertising

കോഴിക്കോട്: പോപുലർ ഫ്രണ്ട് സംസ്ഥാനത്ത് നടത്തുന്നത് അനാവശ്യ ഹർത്താലാണെന്നും സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ സർക്കാർ തയ്യാറാകണം. തീവ്രവാദ കേസുകളെ കയ്യൂക്ക് കൊണ്ട് നേരിടാനാണ് പോപുലർ ഫ്രണ്ട് ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യ മതരാഷ്ട്രമല്ല ജനാധിപത്യ രാഷ്ട്രമാണെന്ന് പോപുലർ ഫ്രണ്ട് നേതാക്കൾ ഓർക്കണം. പോപുലർ ഫ്രണ്ട് മുൻകാലങ്ങളിൽ നടത്തിയ ഹർത്താലുകളെല്ലാം കലാപത്തിലാണ് കലാശിച്ചത്. വാട്ട്സ് ആപ്പ് ഹർത്താൽ നടത്തി ഒരു വിഭാഗത്തിന്‍റെ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കുമെതിരെ ആക്രമണം നടത്തിയവർ വീണ്ടും നടത്തുന്ന ഹർത്താലിനെതിരെ കരുതൽ നടപടി അനിവാര്യമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിൽ വിഭജനമുണ്ടാക്കാനുള്ള മതതീവ്രവാദികളുടെ നീക്കത്തിനെ തടയിടാൻ ആഭ്യന്തരവകുപ്പ് തയ്യാറാകണം. രാജ്യത്ത് കേരളത്തിൽ മാത്രമാണ് മതഭീകരവാദികൾക്ക് അഴിഞ്ഞാടാനുള്ള അവസരം ലഭിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. അനാവശ്യ ഹർത്താലുകൾക്കെതിരെ ഹൈക്കോടതി ശക്തമായ നിലപാട് എടുത്തിട്ടും സംസ്ഥാന സർക്കാർ പോപുലർ ഫ്രണ്ടിനോട് മൃദു സമീപനം കാണിക്കുന്നത് വോട്ട്ബാങ്ക് താത്പര്യം മുന്നിൽ കണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കേരളം ഉൾപ്പെടെ രാജ്യത്തെ 13 സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ, ഇ.ഡി എന്നിവര്‍ സംയുക്ത റെയ്‌ഡ്‌ സംഘടിപ്പിച്ചിരുന്നു. ദേശീയ സംസ്ഥാന നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നേതാക്കളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് നാളെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News