ടി.പിയുടെ കൊലപാതകം പാർട്ടി കോടതിയുടെ വിധി, വിധിച്ചത് പിണറായി വിജയന്‍: വി.ഡി സതീശൻ
'ടി.പിയെ 51 വെട്ടുവെട്ടി കൊന്നിട്ടും പക തീരാതെ അദ്ദേഹത്തിന്‍റെ വിധവയായ കെ.കെ രമയെ വേട്ടയാടുകയാണ് സി.പി.എം'
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍റെ കൊലപാതകം പാര്‍ട്ടി കോടതി വിധിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പാര്‍ട്ടി കോടതിയില്‍ വിധി നടപ്പാക്കിയ ജഡ്ജി അന്ന് പാര്‍ട്ടി സെക്രട്ടറിയും ഇന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രിയുമായ പിണറായി വിജയനാണെന്നും വി.ഡി സതീശന്‍ ആരോപിച്ചു. കെ കെ രമയെ അധിക്ഷേപിച്ച എം.എം മണിയെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
"എം.എം മണി ക്രൂരവും നിന്ദ്യവുമായ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. ഇന്നലെ മുഖ്യമന്ത്രി എം.എം മണിയെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. ക്രൂരമായ പ്രതികരണമാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത്. കൊന്നിട്ടും പക തീരാതെ നില്‍ക്കുകയാണ് ഇവരുടെ മനസ്സുകള്‍. ടി.പിയെ 51 വെട്ടുവെട്ടി കൊന്നിട്ടും അദ്ദേഹത്തിന്‍റെ വിധവയായ കെ.കെ രമയെ പുറകേ നടന്ന് വേട്ടയാടുകയാണ് സി.പി.എം. എന്നിട്ട് പറയുകയാണ് അവരുടെ വിധി കൊണ്ടാണ് വിധവ ആയതെന്ന്. ഏത് വിധിയാണ്? ടി.പിയുടെ കൊലപാതകം പാര്‍ട്ടി കോടതി നടപ്പാക്കിയ വിധിയാണ്. പാര്‍ട്ടി കോടതിയില്‍ വിധി നടപ്പാക്കിയ ജഡ്ജി ഇന്ന് കേരളത്തിന്‍റെ മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. കേരളത്തില്‍ വിധവകളെയുണ്ടാക്കുന്ന പാര്‍ട്ടിയാണ് സി.പി.എം"- സതീശന്‍ നിയമസഭയ്ക്ക് പുറത്തു പറഞ്ഞു.
ആഭ്യന്തര വകുപ്പിന്‍റെ ധനാഭ്യർഥന ചർച്ചക്കിടെ കെ.കെ രമ മുഖ്യമന്ത്രിയെയും പൊലീസിനെയും ഇന്നലെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. തുടര്‍ന്ന് കെ.കെ രമയെ അധിക്ഷേപിച്ച് നിയമസഭയിൽ എം.എം മണി നടത്തിയ പ്രസംഗമാണ് വിവാദമായത്. 'ആ മഹതി വിധവയായത് അവരുടെ വിധി' എന്നായിരുന്നു പരാമര്‍ശം. ഇന്നലെ മണി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബഹളം വെച്ച പ്രതിപക്ഷം, മണി പ്രസംഗം തുടർന്നതോടെ സഭ വിട്ടിറങ്ങി. തിരുവഞ്ചൂരിന്റെ ആഭ്യന്തര കാലത്തെ ഓർമിപ്പിച്ചുള്ള പ്രസംഗത്തിൽ തെറ്റില്ലെന്നും അവർ വിധവയായതിൽ ഞങ്ങൾക്ക് പങ്കില്ലെന്നാണു ഉദ്ദേശിച്ചതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
ഇന്ന് സഭ തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിച്ചു. അൺപാർലമെന്‍ററി വാക്കുകൾ മാത്രമേ മാറ്റാൻ കഴിയൂ എന്നും മാപ്പ് പറയണമെന്ന് പറയാൻ കഴിയില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കി. എം.എം മണി ഇന്ന് സഭയില്‍ എത്തിയിരുന്നില്ല. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കര്‍ സഭാ നടപടികള്‍ വേഗത്തിലാക്കി. ചോദ്യോത്തരവേള റദ്ദാക്കുകയും സഭ ഇന്നത്തേക്ക് പിരിയുകയും ചെയ്തു.